സിപിഐ എം നേതാവ് സന്ദീപിനെ കൊലപ്പെടുത്തിയത് രാഷ്ട്രീയ വൈരാഗ്യം കാരണം, കുറ്റപത്രം സമര്‍പ്പിച്ചു

0
81

തിരുവല്ലയില്‍ സിപിഐ എം പെരിങ്ങര ലോക്കല്‍ സെക്രട്ടറി പിബി സന്ദീപ് കുമാറിന്റെ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമെന്ന് കുറ്റപത്രം. എന്നാല്‍ കേസിലെ മുഖ്യ പ്രതി ജിഷ്ണുവിന് സന്ദീപിനോട് രാഷ്ട്രീയ വൈരാഗ്യം ഉണ്ടായിരുന്നു. ജിഷ്ണുവിന്റെ രാഷ്ട്രീയ വിരോധം തീർക്കാൻ മറ്റ് പ്രതികള്‍ സഹായിക്കുകയായിരുന്നു എന്നും കുറ്റപത്രത്തിലുണ്ട്. തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ബുധനാഴ്ചയാണ് കുറ്റപത്രം സമർപ്പിച്ചത്.

പ്രതികള്‍ സംഘം ചേര്‍ന്ന് ആസൂത്രിതമായാണ് കൊലപാതകം നടപ്പിലാക്കിയത്. ഒന്നാം പ്രതിയും ബിജെപി പ്രവര്‍ത്തകനായ ജിഷ്ണുവിന് സിപിഐ എം നേതാവായ സന്ദീപിനോട് രാഷ്ട്രീയ വൈരാഗ്യം ഉണ്ടായിരുന്നു. കേസില്‍ ആകെ ആറ് പ്രതികളാണുള്ളത്. മുഖ്യപ്രതി തിരുവല്ല പെരിങ്ങര ചാത്തങ്കരി കൗസല്യയില്‍ ജിഷ്ണുവിന് പുറമെ ചങ്ങനാശേരി പായിപ്പാട് പള്ളിക്കച്ചിറ കൊച്ചുപറമ്പില്‍ പ്രമോദ്, തിരുവല്ല കാവുംഭാഗം വേങ്ങല്‍ നന്ദുഭവനില്‍ നന്ദു, കാസര്‍കോട് മൊഗ്രാല്‍ മൈമൂണ്‍ നഗര്‍ കുട്ട്യാളന്‍വളപ്പില്‍ മന്‍സൂര്‍, വേങ്ങല്‍ ആലംതുരുത്തി പാറത്തറ തുണ്ടിയില്‍ വിഷ്ണുകുമാര്‍ എന്നിവരാണ് മറ്റ് പ്രതികള്‍. പെട്ടെന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിനു കാരണമെന്നായിരുന്നു പ്രതികള്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇത് തള്ളുന്നതാണ് ഇപ്പോള്‍ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന കുറ്റപത്രം.

ഇക്കഴിഞ്ഞ ഡിസംബര്‍ രണ്ടിന് രാത്രി എട്ടു മണിയോടെയാണ് പി ബി സന്ദീപിനെ ബിജെപി ക്രിമിനൽസംഘം കുത്തിക്കൊന്നത്. മേപ്രാലില്‍ വച്ചായിരുന്നു സംഭവം. ബൈക്കിലെത്തിയ സംഘം സന്ദീപിനെ വയലിലേക്ക് കൂട്ടികൊണ്ടുപോയ ശേഷം മാരകായുധങ്ങളുമായി കുത്തിക്കൊല്ലുകയായിരുന്നു. നിലവിളി കേട്ട് നാട്ടുകാര്‍ എത്തിയപ്പോള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് സംഘം സ്ഥലത്ത് നിന്ന് മടങ്ങിയത്. കഴുത്തിലും നെഞ്ചിലുമായി അഞ്ചിലേറെ കുത്തുകളാണ് സന്ദീപിന്റെ ശരീരത്തിലേറ്റിരുന്നത് എന്നും കുറ്റപത്രത്തിൽ പറയുന്നു.