സംരംഭകർക്ക് മാർഗനിർദ്ദേശവുമായി ഇൻവെസ്റ്റ് കേരള ഹെൽപ് ഡെസ്ക്

0
35

കേരളത്തെ കൂടുതൽ നിക്ഷേപ സൗഹൃദമാക്കാനും നിലവിലെ സംരംഭങ്ങളെ കൈപിടിച്ചുയർത്താനുമായി ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ കൊണ്ടുവന്ന നിരവധി സംവിധാനങ്ങളിലൊന്നാണ് ഇൻവെസ്റ്റ് കേരള ഹെൽപ് ഡെസ്ക്. സംരംഭകനാകാൻ ആഗ്രഹിക്കുന്നവർക്കും സംരംഭം ആരംഭിച്ചവർക്കും സംശയങ്ങളുണ്ടെങ്കിൽ ഈ ഹെൽപ് ഡെസ്ക് സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. വ്യവസായം തുടങ്ങിയിട്ട് എന്തെങ്കിലും പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ടെങ്കിൽ ആ പരാതികൾ നൽകാനും ഹെൽപ് ഡെസ്കിൻ്റെ ഭാഗമായുള്ള 1800 890 1030 എന്ന ടോൾഫ്രീ നമ്പർ ഉപയോഗിക്കാം.

ഇൻവെസ്റ്റ് കേരള ഹെൽപ് ഡെസ്ക് വഴി ഇതിനോടകം സംരംഭകരുടെയും കേരളത്തിൽ സംരംഭകരാകാൻ ആഗ്രഹിക്കുന്നവരുടെയും 9885 പരാതികൾ/സംശയങ്ങൾ പരിഹരിക്കാൻ സാധിച്ചിട്ടുണ്ട്. ഒരു ദിവസം മുപ്പതോളം സംശയങ്ങളും പരാതികളും വരുന്നുണ്ടെങ്കിലും ഇവ വളരെ പെട്ടെന്ന് തീർപ്പാക്കാൻ സാധിക്കുന്നുണ്ട്.

വ്യവസായ സംരംഭങ്ങൾക്ക് വേണ്ട അനുമതികൾ സമയബന്ധിതമായി ലഭ്യമാക്കുന്നതിന് സഹായിക്കുന്ന ഓൺലൈൻ ഏകജാലക സംവിധാനമായ കെ-സ്വിഫ്‌റ്റിൻ്റെ ഭാഗമായിട്ടാണ് വ്യവസായികൾക്കുള്ള വിവിധ സംശയങ്ങളും ആകുലതകളും ദൂരീകരിക്കുന്നതിനുള്ള കോൾ സെൻറർ പ്രവർത്തിക്കുന്നത്.ഇംഗ്ലീഷിലും മലയാളത്തിലും ലഭ്യമായ സംവിധാനം എല്ലാ ദിവസവും രാവിലെ എട്ട് മണി മുതൽ രാത്രി എട്ട് മണി വരെ പ്രവർത്തനക്ഷമമാണ്.

പരാതികളും സംശയങ്ങളുമുയർത്തിയ 98% ആളുകളും ഹെൽപ് ഡെസ്കിൻ്റെ പ്രവർത്തനത്തിൽ തൃപ്തി രേഖപ്പെടുത്തിയത് തന്നെ സംവിധാനത്തിൻ്റെ കാര്യക്ഷമത തെളിയിക്കുന്ന ഒന്നാണ്. തീർച്ചയായും വ്യവസായ ലോകത്തേക്ക് കാലെടുത്തുവെക്കാനാഗ്രഹിക്കുന്നവർക്ക് മികച്ച സഹായമായി മാറിക്കൊണ്ടിരിക്കുകയാണ് സംസ്ഥാനത്തെ വ്യാവസായിക അന്തരീക്ഷത്തെ ഉത്തേജിപ്പിക്കുന്നതിനും വേണ്ട വിധത്തിലുള്ള പ്രോത്സാഹനം നൽകുന്നതിനും വേണ്ടി ആരംഭിച്ച ഇൻവെസ്റ്റ് കേരള ഹെൽപ് ഡെസ്ക്.