ക്ഷേത്ര താഴികക്കുടം മോഷണം; ബിജെപി ആലപ്പുഴ ജില്ലാപ്രസിഡന്റിന്‌ പങ്കാളിത്തമെന്ന് വെളിപ്പെടുത്തൽ, മൊഴി നൽകിയത് പ്രതികൾ

0
49

ചെങ്ങന്നൂർ പാണ്ടനാട് മുതവഴി ശ്രീകുമാരമംഗലം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ താഴികക്കുടം കവർന്ന കേസിൽ ബിജെപി ജില്ലാ പ്രസിഡന്റ്‌ എം വി ഗോപകുമാറിന്‌ ബന്ധമുണ്ടെന്ന്‌ വെളിപ്പെടുത്തൽ. കേസിലെ പ്രതികളും ബിജെപി പ്രവർത്തകരുമായ കല്ലിശ്ശേരി പാറതാഴ്‌ചയിൽ പി ടി ലിജു, വാഴാർമംഗലം ഇടവൂർ മഠത്തിൽ ഗീതാനന്ദൻ, ഉമയാറ്റുകര കാവിൽ പള്ളത്ത്മഠത്തിൽ കെ ടി സജീഷ്, പാണ്ടനാട് മുതവഴി ചിത്രത്തൂർമഠത്തിൽ എസ് ശരത്കുമാർ എന്നിവരാണ് പൊലീസിൽ മൊഴി നൽകിയത്. തങ്ങളെ കള്ളക്കേസിൽ കുടുക്കുകയായിരുന്നെന്നും കാട്ടി ഇവർ മുഖ്യമന്ത്രിക്ക്‌ പരാതി നൽകി. പുനരന്വേഷണത്തിന്‌ ചെങ്ങന്നൂർ ഡിവൈഎസ്‌പി ആർ ജോസ് ഇവരുടെ മൊഴിയെടുത്തു.

ക്ഷേത്രം ഉൾപ്പെടുന്ന കരയോഗത്തിന്റെ പ്രസിഡന്റാണ്‌ എം വി ഗോപകുമാർ. താഴികക്കുടത്തിൽ വിലപിടിപ്പുള്ള ഇറിഡിയം ലോഹത്തിന്റെ സാന്നിധ്യമുണ്ടെന്ന വിവരം ഗോപകുമാർ ഉൾപ്പെടുന്ന കമ്മിറ്റിയാണ്‌ പുറത്തുവിട്ടത്. ഇതോടെ താഴികക്കുടം വാങ്ങാൻ പല സ്വകാര്യകമ്പനികളും കോടികൾ വാഗ്ദാനം ചെയ്‌തതായി അറിവുണ്ടെന്ന് പരാതിയിലുണ്ട്‌. കരയോഗം കമ്മിറ്റി കാവലിന്‌ 10പേരെ നിയോഗിച്ചിരുന്നു.

മോഷണം നടക്കുന്നതിന് ഒരാഴ്‌ച മുമ്പ്‌ കാവൽക്കാരെ ഒഴിവാക്കി. 2011 ഒക്‌ടോബർ 19 രാത്രിയാണ്‌ മോഷണം. അന്നത്തെ ചെങ്ങന്നൂർ ഡിവൈഎസ്‌പി നരേന്ദ്രബാബുവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. എസ്ഐ ശ്രീമോൻ ക്ഷേത്രത്തിൽ മോഷണ സാധ്യതയുണ്ടെന്ന്‌ അറിയിച്ചിരുന്നതല്ലേയെന്നും നിങ്ങൾ അറിഞ്ഞാവുമല്ലോ സംഭവമെന്നും ഗോപകുമാറിനോട്‌ ചോദിച്ചത്‌ കേട്ടിരുന്നെന്നും പരാതിയിലുണ്ട്‌.

ചോദ്യംചെയ്യലിൽ സത്യസന്ധമായാണ്‌ മൊഴികൊടുത്തതെന്ന്‌ അഞ്ചാം പ്രതി ശരത്കുമാർ പറഞ്ഞു. ഗോപകുമാറിന്റെയും സുഹൃത്തായ അഭിഭാഷകന്റെയും വീട്ടിലും ചെങ്ങന്നൂർ ആർഎസ്എസ് കാര്യാലയത്തിലും ആലോചനയോഗങ്ങൾ നടത്തിയിരുന്നതായും മൊഴിനല്‍കിയിരുന്നു.

ഇയാൾ പ്രതിയാകുമെന്ന ഘട്ടം വന്നപ്പോൾ അന്ന്‌ കെപിസിസി അംഗമായിരുന്ന കെ എൻ വിശ്വനാഥൻ ഇടപെട്ടു. ഗോപകുമാറിനെ ചോദ്യം ചെയ്യുന്നത് തടഞ്ഞ്‌ പ്രതിപ്പട്ടികയിൽനിന്ന്‌ ഒഴിവാക്കി. തന്റെ ഉടമസ്ഥതയിലുള്ള കുടുംബവക ക്ഷേത്രം ഗോപകുമാറും കരയോഗവും കൈവശപ്പെടുത്തി. ക്ഷേത്രം തിരികെ ലഭിക്കാൻ ചെങ്ങന്നൂർ മുനിസിഫ് കോടതിയിൽ കേസ് ഫയൽചെയ്‌തു. ഇതിന്റെ വൈരാഗ്യത്തിലാണ് തന്നെ പ്രതിയാക്കിയത്. ശരത് പറഞ്ഞു.