ബോധമില്ലാതായിട്ട് 36 മണിക്കൂർ, വാവ സുരേഷിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു

0
40

പാമ്പ് കടിയേറ്റ വാവ സുരേഷിന്റെ ആരോ​ഗ്യനില മാറ്റമില്ലാതെ തുടരുന്നു. ചികിത്സയിൽ പ്രവേശിപ്പിച്ച് 36 മണിക്കൂർ പിന്നിടുമ്പോഴും ഇദ്ദേഹത്തിന്റെ ബോധം തിരിച്ചു കിട്ടിയിട്ടില്ല. ഇപ്പോഴും വെന്റിലേറ്ററിലാണുള്ളത്. കഴിഞ്ഞ ദിവസം വാവ സുരേഷിന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.

ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും സാധാരണ ഗതിയില്‍ ആയിരുന്നു. ന്യൂറോ, കാര്‍ഡിയാക് വിദഗ്ധര്‍ അടങ്ങുന്ന അഞ്ചംഗം പ്രത്യേക സംഘത്തിന്റെ മേല്‍ നോട്ടത്തിലാണ് ചികിത്സ.
തിങ്കളാഴ്ച രാവിലെ കോട്ടയം കുറിച്ചി പാട്ടശേരിയിൽ വെച്ചാണ് വാവ സുരേഷിനെ പാമ്പ് കടിച്ചത്. പിടികൂടിയ മൂര്‍ഖന്‍ പാമ്പിനെ ചാക്കില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടെ സുരേഷിന്റെ മുട്ടിന് മുകളില്‍ കടിയേൽക്കുകയായിരുന്നു. നാല് തവണ പാമ്പ് ചാക്കില്‍ നിന്നും പുറത്തു കടന്നു. അഞ്ചാം തവണയും ചാക്കില്‍ കയറ്റാന്‍ ശ്രമിച്ചപ്പോഴാണ് കടിയേറ്റത്.

കടിയേറ്റിട്ടും സുരേഷ് കൈയ്യില്‍ നിന്നും പിടിവിട്ടു പോയ പാമ്പിനെ പിടിച്ച് കാര്‍ഡ് ബോര്‍ഡ് ബോക്‌സിലാക്കി തന്റെ കാറില്‍ കൊണ്ട് വെച്ചു. പിന്നെ കാലില്‍ കടിയേറ്റ ഭാഗം വെള്ളം കൊണ്ട് കഴുകി രക്തം ഞെക്കിക്കളഞ്ഞു. തുണി കൊണ്ട് മുറിവ് കെട്ടിയ ശേഷം ആശുപത്രിയിലേക്ക് പോയി. ആശുപത്രിയിലെത്തിച്ച വാവ സുരേഷിന്റെ തലച്ചോറിന്റെ പ്രവര്‍ത്തനം ഗുരുതര അവസ്ഥയിലായിരുന്നു. ഹൃദയത്തിന്റെ പ്രവര്‍ത്തനം 20 ശതമാനം മാത്രമായിരുന്നു.