ലുധിയാന കോടതി സ്ഫോടനം ; പഞ്ചാബില്‍ അതീവജാഗ്രത നിര്‍ദ്ദേശം

0
20

പഞ്ചാബില്‍ അതീവജാഗ്രത നിര്‍ദ്ദേശം. ലുധിയാന കോടതിയിലെ സ്ഫോടനത്തെ തുടര്‍ന്ന് പ്രധാനസ്ഥലങ്ങളില്‍ എല്ലാം പൊലീസ് പരിശോധന തുടരുകയാണ്.

ലുധിയാനയില്‍ അടുത്തമാസം പതിമൂന്ന് വരെ നിരോധനാഞ്ജന പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ എന്‍എസ് ജി സംഘം പ്രദേശത്ത് പരിശോധന നടത്തിയിരുന്നു. സ്ഫോടകവസ്തുക്കള്‍ സംബന്ധിച്ച്‌ ഫോറന്‍സിക് റിപ്പോര്‍ട്ട് ഇന്ന് പുറത്ത് വിട്ടേക്കും. സംഭവത്തില്‍ യുഎപിഎ വകുപ്പ് ചുമത്തി പഞ്ചാബ് പൊലീസ് കേസ് എടുത്തിട്ടുണ്ട്. ഭീകരാക്രണമാണ് നടന്നതെന്നാണ് പൊലീസ് നിഗമനം.

സ്ഫോടനത്തില്‍ കൊല്ലപ്പെട്ട് വ്യക്തിയുടെ വിവരങ്ങളും പൊലീസ് പുറത്തുവിട്ടില്ല. ഇയാളാണ് സ്ഫോടനം നടത്താന്‍ എത്തിയതെന്നാണ് പൊലീസ് നിഗമനം. ഇന്നലെ നടന്ന സ്ഫോടനത്തില്‍‌ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. അഞ്ച് പേര്‍ക്കാണ് പരിക്കേറ്റത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ദേശവിരുദ്ധ ശക്തികള്‍ പഞ്ചാബിന്റെ സമാധാനം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നാണ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ഛന്നി പ്രതികരിച്ചത്.

ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ജില്ലാ കോടതി കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ശുചിമുറിക്ക് സമീപമാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ ശുചിമുറി പൂര്‍ണ്ണമായി തകര്‍ന്നു. സ്ഫോടനത്തിന് പിന്നാലെ പൊലീസ് പ്രദേശം വളഞ്ഞ ശേഷം കെട്ടിടം പൂര്‍ണ്ണമായി ഒഴിപ്പിച്ചു. സംഭവത്തിന് പിന്നാലെ ഉന്നതതലയോഗം വിളിച്ച സംസ്ഥാന സര്‍ക്കാര്‍ പൊതുയിടങ്ങളില്‍ അടക്കം സുരക്ഷ കര്‍ശനമാക്കാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. മുഖ്യമന്ത്രി ചരണ്‍ജിത്ത് ഛന്നി , ഉപമുഖ്യമന്ത്രി എസ്.എസ് രണ്‍ധാവാ എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.

സംഭവത്തിന് പിന്നില്‍ ബാഹ്യശക്തികളുടെ ഇടപെടല്‍ തള്ളിക്കളയാനാകില്ലെന്ന് ഉപമുഖ്യമന്ത്രി എസ്.എസ് രണ്‍ധാവാ പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ധ്രൂവീകരണത്തിനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പിസിസി അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ദു പറഞ്ഞു. കോടതികെട്ടിടത്തില്‍ നടന്ന സ്ഫോടനത്തില്‍ പഞ്ചാബ് ഹരിയാന ഹൈക്കോടതി ആശങ്ക രേഖപ്പെടുത്തി. മതനിന്ദ ആരോപിച്ച്‌ രണ്ടു പേരെ കൊന്ന സംഭവത്തില്‍ സര്‍ക്കാര്‍ പ്രതിരോധത്തിലായിരിക്കുമ്പോളാണ് നിരവധി ചോദ്യങ്ങള്‍ അവശേഷിപ്പിക്കുന്ന കോടതി സമുച്ചയത്തിലെ സ്ഫോടനമെന്നുള്ളതാണ് ശ്രദ്ധേയം.