ബിഹാർ മുൻ മുഖ്യമന്ത്രി മാഞ്ചിക്കെതിരായ പ്രസ്‌താവന; ബിജെപി നേതാവിനെ പുറത്താക്കി

0
17

ബിഹാർ മുൻ മുഖ്യമന്ത്രി ജിതൻ റാം മാഞ്ചിക്കെതിരെ വിവാദ പ്രസ്‌താവന നടത്തിയ ബിജെപി നേതാവ് ഗജേന്ദ്ര ഝായെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ഗജേന്ദ്ര ഝായെ പുറത്താക്കാനുള്ള പാർട്ടിയുടെ തീരുമാനത്തെക്കുറിച്ച് ബിജെപിയുടെ മധുബനി ജില്ലാ ഘടകം മേധാവി ശങ്കർ ഝാ കത്തയച്ചു. “നിങ്ങളുടെ അനുചിതമായ പ്രസ്‌താവന പാർട്ടിയെ പ്രതിരോധത്തിൽ ആക്കി. ഉടൻ പ്രാബല്യത്തിൽ വരുന്ന തരത്തിൽ നിങ്ങളെ പാർട്ടിയിൽ നിന്ന് പുറത്താക്കുന്നു,”- ശങ്കർ ഝാ കത്തിൽ പറഞ്ഞു.

തന്റെ പരാമർശങ്ങളിൽ രണ്ടാഴ്‌ചക്കുള്ളിൽ ബിജെപി ജില്ലാ ഓഫിസിൽ വിശദീകരണം സമർപ്പിക്കാനും ഗജേന്ദ്ര ഝായോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുൻ മുഖ്യമന്ത്രി മാഞ്ചിയുടെ നാവ് അറക്കുന്നവർക്ക് 11 ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് ഗജേന്ദ്ര ഝാ പരസ്യമായി പറഞ്ഞതിന് പിന്നാലെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കൽ.

ബിഹാറിലെ ബിജെപി ഉൾപ്പെടുന്ന ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ഭാഗമാണ് മാഞ്ചിയുടെ ഹിന്ദുസ്‌ഥാൻ ആവാമി മോർച്ച (എച്ച്എഎം). ഡിസംബർ 18ന്, പട്‌നയിൽ ദളിത് സമൂഹത്തിന്റെ ഒരു പരിപാടിയെ അഭിസംബോധന ചെയ്യവെ, പുരോഹിതൻമാരെക്കുറിച്ച് നിന്ദ്യമായ പരാമർശങ്ങൾ മാഞ്ചി നടത്തിയിരുന്നു. ഇതിൽ പ്രകോപിതനായി ആണ് ഗജേന്ദ്ര ഝാ വിവാദ പ്രസ്‌താവന നടത്തിയത്.

എന്നാൽ, വിമർശകർ ആരോപിക്കുന്നതുപോലെ ബ്രാഹ്‌മണ സമുദായത്തെ താൻ ലക്ഷ്യം വച്ചിട്ടില്ലെന്ന് പറഞ്ഞുകൊണ്ട് മാഞ്ചി പിന്നീട് പുരോഹിതരെക്കുറിച്ചുള്ള തന്റെ പരാമർശം പിൻവലിച്ചിരുന്നു.