ആലപ്പുഴയിലെ കൊലപാതങ്ങൾ: കൊലയാളി സംഘങ്ങളെയും അവരുടെ വിദ്വേഷ സമീപനങ്ങളെയും തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തണം; മുഖ്യമന്ത്രി

0
29

ആലപ്പുഴയിൽ നടന്ന രണ്ട് കൊലപാതകങ്ങളെ ശക്‌തമായി അപലപിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റവാളികളെയും പിന്നിൽ പ്രവർത്തിച്ചവരെയും പിടികൂടാൻ പോലീസിന്റെ കർശന നടപടിയുണ്ടാകും. സങ്കുചിതവും മനുഷ്യത്വ ഹീനവുമായ ഇത്തരം അക്രമ പ്രവർത്തനങ്ങൾ നാടിന് വിപത്താണ്.

കൊലയാളി സംഘങ്ങളെയും അവരുടെ വിദ്വേഷ സമീപനങ്ങളെയും തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താൻ എല്ലാ ജനങ്ങളും തയ്യാറാകുമെന്ന് ഉറപ്പുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, ഞായറാഴ്‌ച പുലർച്ചയോടെ ആയിരുന്നു ബിജെപി പ്രവർത്തകൻ രഞ്‌ജിത്‌ ശ്രീനിവാസനന്റെ കൊലപാതകം നടന്നത്.

ഒരുസംഘം ആക്രമികൾ വീട്ടിൽകയറി രഞ്‌ജിത്തിനെ ആക്രമിക്കുകയായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വേണ്ടി മൽസരിച്ച സ്ഥാനാർഥി കൂടിയാണ് രഞ്‌ജിത്. നേരത്തെ ഒബിസി മോർച്ച ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരുന്നു രഞ്‌ജിത്‌ ശ്രീനിവാസൻ.

കഴിഞ്ഞ ദിവസം ആലപ്പുഴയിൽ എസ്‌ഡിപിഐ സംസ്ഥാന സെക്രട്ടറി കെഎസ് ഷാനെ ഒരു സംഘം വെട്ടി കൊലപ്പെടുത്തിയിരുന്നു. ആലപ്പുഴ മണ്ണഞ്ചേരിയിൽ ശനിയാഴ്‌ച രാത്രിയായിരുന്നു ആക്രമണം. ഷാൻ സഞ്ചരിച്ച ബൈക്ക് പിന്നിൽനിന്ന് ഇടിച്ചു വീഴ്‌ത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. അഞ്ചംഗ സംഘമാണ് അക്രമത്തിനു പിന്നിൽ. രണ്ട് കൊലപാതകങ്ങളും രാഷ്‌ട്രീയ കാരണങ്ങളാൽ നടന്നതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.