പെൺകുട്ടികളെ കണ്ടെത്താൻ പൊലീസ്‌ കോഴ വാങ്ങിയ കേസിൽ അമിക്കസ് ക്യൂറിയെ നിയമിച്ചു

0
30

വീട്‌ വിട്ടുപോയ പെൺകുട്ടികളെ കണ്ടെത്തുന്നതിന് അമ്മയോട്‌ പൊലീസ് അഞ്ചുലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസിൽ കോടതിയെ സഹായിക്കാൻ അമിക്കസ് ക്യൂറിയെ നിയമിച്ചു.

കേസന്വേഷണത്തിന് പണം ആവശ്യപ്പെട്ടെന്നും പെൺകുട്ടികളുടെ സഹോദരന്മാരെ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമുള്ള മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ എടുത്ത കേസിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നടപടി.

പൊലീസുകാരുടെ ഡൽഹിയാത്രയും പണച്ചെലവും സംബന്ധിച്ച് റിപ്പോർട്ട്‌ നൽകാൻ കോടതി ആവശ്യപ്പെട്ടിരുന്നു. പരാതിക്കാരുടെ കൈയിൽനിന്ന് വാങ്ങിയ പണം തിരിച്ചുനൽകിയെന്ന് പൊലീസ് അറിയിച്ചതായി കോടതി വ്യക്തമാക്കി. ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്കനടപടിയുമായി മുന്നോട്ടുപോകാൻ കോടതി നിർദേശിച്ചു.

താമസസൗകര്യത്തിനും യാത്രച്ചെലവിനും പരാതിക്കാരിയുടെ കൈയിൽനിന്ന് പൊലീസ് പണം വാങ്ങിയത് തെറ്റാണ്. പൊലീസ് ഓഫീസർ ഭീഷണിപ്പെടുത്തി പണം തട്ടാനാണ് ശ്രമിച്ചത്. പൊലീസുകാർക്ക് ചെലവിനുള്ള പണം നൽകാൻ സർക്കാർ നടപടികൾ സ്വീകരിക്കണം. പൊലീസുകാരനെതിരെ എന്തുകൊണ്ട് കേസ് എടുക്കുന്നില്ലെന്ന് കോടതി ആരാഞ്ഞു. പരാതി കിട്ടിയിട്ടില്ലെന്ന് സർക്കാർ അറിയിച്ചു. കേസ് ജനുവരി ആദ്യം പരിഗണിക്കാൻ മാറ്റി.