മാറാട് കലാപം: രണ്ട് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം

0
101

മാറാട് കൂട്ടക്കൊല കേസില്‍ ഒളിവില്‍ പോയിരുന്ന രണ്ട് പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം. 95ാം പ്രതി ആനങ്ങാടി കുട്ടിച്ചന്റെ പുരയില്‍ കോയമോന്‍(50), 148ാം പ്രതി മാറാട് കല്ലുവെച്ച വീട്ടില്‍ നിസാമുദ്ദീന്‍ എന്നിവരെയാണ് മാറാട് പ്രത്യേക കോടതി ശിക്ഷിച്ചത്.

ശിക്ഷ രണ്ടായി തന്നെ അനുഭവിക്കണം. സ്പെഷ്യല്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജ്(മാറാട്) കെ എസ് അംബികയാണ് ശിക്ഷ വിധിച്ചത്. 2003 മേയ് 2നാണ് ഒന്‍പത് പേര്‍ കൊല്ലപ്പെട്ട മാറാട് കൂട്ടക്കൊല നടന്നത്. അരയസമാജത്തിലെ എട്ട്പേരും മറ്റൊരു യുവാവുമാണ് മരിച്ചത്.

സ്ഫോടക വസ്തു കൈവശം വെച്ചതിനും മതസ്പര്‍ദ വളര്‍ത്തിയതിനുമാണ് കോയമോന് ഇരട്ട ജീവപര്യന്തം. 1,02000 രൂപ പിഴയുമൊടുക്കണം. കൊലപാതകം , മാരകായുധങ്ങളുമായി കലാപം സൃഷ്ടിക്കല്‍ എന്നിയ്ക്കാണ് നിസാമുദ്ദീന് ജീവപര്യന്തം. 56000 രൂപയാണ് പിഴ നല്‍കേണ്ടത്.

2011 ജനുവരിയിലാണ് സൗത്ത് ബീച്ചില്‍ ഒളിവില്‍ കഴിയുകയായിരുന്ന കോയമോന്‍ പിടിയിലായത്. 2010 ഒക്ടോബറിലാണ് നിസാമുദ്ദീന്‍ നെടുമ്പാശേരിവെച്ച് പിടിയിലാകുന്നത്. സര്‍ക്കാരിന് വേണ്ടി പ്രോസിക്യൂട്ടര്‍ ആര്‍ ആനന്ദ് ഹാജരായി. കൂട്ടക്കൊലയില്‍ 148 പേരാണ് ആകെ പ്രതികള്‍.