ദീപ പി മോഹനന്‌ നീതി ഉറപ്പാക്കും; അധ്യാപകനെ മാറ്റിനിർത്താൻ വൈകിയാൽ നടപടി: മന്ത്രി ഡോ. ആർ ബിന്ദു

0
22

എം.ജി സർവ്വകലാശാലയിൽ നിരാഹാരസമരം നടത്തുന്ന ദളിത് വിദ്യാർത്ഥിനി ദീപ പി മോഹനന്‌ നീതി ഉറപ്പാക്കാൻ വേണ്ടത് സർവ്വകലാശാലയുടെ വിശദീകരണം കിട്ടിയയുടനെ ചെയ്യുമെന്ന്‌ മന്ത്രി ഡോ. ആർ ബിന്ദു. വിദ്യാർഥിനിയുടെ ആരോഗ്യനിലയിൽ സർക്കാരിന് ഉത്ക്കണ്ഠയുണ്ട്. വ്യക്തിപരമായും ആകുലതയുണ്ട്. ആരോപണവിധേയനായ അധ്യാപകനെ മാറ്റിനിർത്തുന്ന കാര്യത്തിൽ സർവ്വകലാശാലയുടെ തീരുമാനം ഇനിയും നീളുന്ന നില വന്നാൽ, അധ്യാപകനോട് മാറിനിൽക്കാൻ ആവശ്യപ്പെടാൻ സർവ്വകലാശാലാ അധികൃതർക്ക് നിർദ്ദേശം നൽകും. ഇതൊരുറപ്പായെടുത്ത് സമരത്തിൽനിന്നു പിന്മാറണമെന്ന് വിദ്യാർത്ഥിനിയോട് മന്ത്രി അഭ്യർത്ഥിച്ചു.

കൊറോണ ബാധിതയായി ആശുപത്രിയിലായതിനാലാണ് ദീപയെ നേരിട്ട് കാണാൻ വരാത്തത്. ഒരു വിധ മാനസികപ്രയാസത്തിനോ സാങ്കേതികതടസ്സങ്ങൾക്കോ ഇടവരുത്താതെ ദീപയ്ക്ക് ഗവേഷണം പൂർത്തിയാക്കാൻ അവസരമൊരുക്കാമെന്നും അതിനുവേണ്ട ലൈബ്രറി-ലാബ്-ഹോസ്റ്റൽ സംവിധാനങ്ങളുൾപ്പെടെ എല്ലാ പശ്ചാത്തലസൗകര്യങ്ങളും നൽകാമെന്നും താൻതന്നെ ഗൈഡായി പ്രവർത്തിക്കാമെന്നും വൈസ് ചാൻസലർ ഉറപ്പുകൊടുക്കുകയും, ദീപ അത് വിശ്വാസത്തിലെടുക്കുകയും ചെയ്‌തിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നത്.

എന്നാൽ, ആരോപണവിധേയനായ അധ്യാപകന്റെ കാര്യത്തിൽ ദീപ ആവശ്യപ്പെട്ട നടപടിയെടുക്കാൻ സർവ്വകലാശാല തടസ്സമുന്നയിച്ച സാഹചര്യത്തിലാണ് സമരം നീണ്ടുപോയിരിക്കുന്നത്. ഹൈക്കോടതിയും പട്ടികവർഗ്ഗ കമ്മീഷനും ഇടപെട്ടിട്ടുള്ളതാണ് നേരത്തെത്തന്നെ ദീപയുടെ പരാതിയിൽ. ഇവകൂടി പരിഗണിച്ച് വിദ്യാർത്ഥിനിയുടെ പരാതി സർവ്വകലാശാല എത്രയും പെട്ടെന്നു തീർപ്പാക്കണമെന്നാണ് സർക്കാരിന്റെ നിലപാട്. ആരോപണവിധേയനായ അധ്യാപകനെ പദവിയിൽനിന്ന് മാറ്റിനിർത്തി പരാതി അന്വേഷിക്കാൻ എന്താണ് സർവ്വകലാശാലയ്ക്ക് തടസ്സമെന്ന് ആരാഞ്ഞിട്ടുണ്ട്. അതിന് സാങ്കേതികതടസ്സമുണ്ടെങ്കിൽ അതിനാധാരമായ രേഖകൾ എന്തെല്ലാമാണെന്ന് അറിയിക്കാനും സർവകലാശാലയോട് ആവശ്യപ്പെട്ടിട്ടുണ്ട് – മന്ത്രി പറഞ്ഞു.