നീറ്റ്‌ യുജി ഫലം പ്രഖ്യാപിക്കാം ; സുപ്രീംകോടതി അനുമതി

0
31

നീറ്റ്‌ യുജി പരീക്ഷാഫലം പ്രഖ്യാപിക്കാൻ നാഷണൽ ടെസ്റ്റിങ്‌ ഏജൻസിക്ക്‌ (എൻടിഎ) സുപ്രീംകോടതി അനുമതി. ഫലപ്രഖ്യാപനം തടഞ്ഞ ബോംബെ ഹൈക്കോടതി ഉത്തരവ്‌ ജസ്റ്റിസ്‌ എൽ നാഗേശ്വരറാവു അധ്യക്ഷനായ ബെഞ്ച്‌ സ്‌റ്റേ ചെയ്‌തു.

സെപ്‌തംബർ 12ലെ പരീക്ഷയ്‌ക്കിടെ ഉത്തരക്കടലാസ് മാറിപ്പോയെന്ന രണ്ട്‌ വിദ്യാർഥികളുടെ ഹർജിയിലാണ്‌ സ്റ്റേ ഉത്തരവുണ്ടായത്. ഹർജിക്കാർക്കായി വീണ്ടും പരീക്ഷ നടത്തി പൊതുഫലത്തോടൊപ്പം പ്രഖ്യാപിക്കാനും ഹൈക്കോടതി നിർദേശിച്ചിരുന്നു. എന്നാല്‍, രണ്ട്‌ പേര്‍ക്കായി 16 ലക്ഷം വിദ്യാർഥികളുടെ ഫലം തടഞ്ഞത് ശരിയല്ലെന്ന്‌ സുപ്രീംകോടതി നിരീക്ഷിച്ചു. പരാതിയുള്ള വിദ്യാർഥികളുടെ കാര്യം പ്രത്യേകം പരിഗണിച്ച്‌ പരിഹരിക്കണം.ആറ്‌ വിദ്യാർഥികളുടെ ഉത്തരക്കടലാസ് മാറിപ്പോയെന്ന്‌ എൻടിഎയ്‌ക്കുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മെഹ്‌ത അറിയിച്ചു. ഇതിൽ രണ്ടു പേരാണ്‌ കോടതിയെ സമീപിച്ചത്‌. ഇവർക്കായി വീണ്ടും പരീക്ഷ നടത്തും.

അതിന്‌ മൊത്തം ഫലം തടഞ്ഞുവയ്‌ക്കേണ്ടെന്നുംജസ്റ്റിസുമാരായ ദിനേശ്‌ മഹേശ്വരി, ഭൂഷൺ ആർ ഗവായ്‌ എന്നിവർ അംഗങ്ങളായ ബെഞ്ച്‌ നിർദേശിച്ചു.