പാഠ്യപദ്ധതിയിനല്‍ ജെന്റര്‍ വിദ്യാഭ്യാസം; ശുപാര്‍ശ ചെയ്യുമെന്ന് യുവജന കമ്മീഷന്‍

0
30

പാഠ്യപദ്ധതിയില്‍ ജെന്റര്‍ വിദ്യാഭ്യാസം ഉള്‍പ്പെടുത്തുന്നതിന് സര്‍ക്കാരിലേയ്ക്ക് ശുപാര്‍ശ ചെയ്യുമെന്ന് സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ.ചിന്താ ജെറോം. തൃശ്ശൂരില്‍ നടന്ന ജില്ലാ യുവജനക്ഷേമ അദാലത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചിന്ത ജെറോം. കളക്ട്രേറ്റില്‍ നടന്ന അദാലത്തില്‍ 16 കേസുകള്‍ തീര്‍പ്പാക്കി.

ചെയര്‍പേഴ്സന്റെ അധ്യക്ഷതയിലാണ് അദാലത്ത് ചേര്‍ന്നത്. ആകെ 22 പരാതികളാണ് പരിഗണിച്ചത്. 6 കേസുകള്‍ അടുത്ത സിറ്റിംഗിലേയ്ക്ക് മാറ്റി. 10 പരാതികള്‍ പുതിയതായി ലഭിച്ചു. 18 വയസ്സിനും 40 വയസ്സിനും മദ്ധ്യേയുള്ളവരുടെ പരാതികളാണ് കമ്മീഷന്‍ പരിഗണിച്ചത്. ഉന്നത വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് കലാലയങ്ങളില്‍ ജെന്റര്‍ എജ്യൂക്കേഷന്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കും. സ്ത്രീധന പീഡനം സംബന്ധിച്ച് കമ്മീഷന്റെ ഇമെയിലിലും വാട്‌സ്ആപ്പിലും ലഭിക്കുന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലകളില്‍ സോണ്‍ തിരിച്ച് സിറ്റിങ് നടത്തുന്നുണ്ടെന്നും അധ്യക്ഷ അറിയിച്ചു.

പൊലീസിന്റെ ശ്രദ്ധയില്‍ കൊണ്ടുവരേണ്ട കേസുകള്‍ അത്തരത്തില്‍ പരിഹരിക്കാന്‍ ശ്രമിക്കുമെന്നും തുടര്‍ നടപടി വേണ്ടവ കേസെടുത്ത് മുന്നോട്ട് പോകുമെന്നും അധ്യക്ഷ കൂട്ടിചേര്‍ത്തു.