സ്വാതന്ത്ര്യം അർഥവത്താകാൻ സ്‌ത്രീസ്വാതന്ത്ര്യവും ഉറപ്പാക്കണം: മുഖ്യമന്ത്രി

0
48

ജനസംഖ്യയുടെ പകുതിയിലധികം വരുന്ന സ്ത്രീകൾക്കുകൂടി ഏതുസമയവും സഞ്ചരിക്കാനും ഇഷ്ടമുള്ള തൊഴിൽ ചെയ്യാനും അവസരമുണ്ടാകുമ്പോൾ മാത്രമേ സ്വാതന്ത്ര്യം പൂർണതോതിൽ അർഥവത്താകൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്വാതന്ത്ര്യലബ്ധിയുടെ ഏഴര പതിറ്റാണ്ടുകഴിഞ്ഞിട്ടും സമൂഹത്തിൽ സ്ത്രീപുരുഷ സമത്വം സാധ്യമായിട്ടില്ലെന്നത് സ്വയംവിമർശനമായി പരിശോധിക്കേണ്ട വസ്തുതയാണ്. അതിന് മാറ്റം വരുത്താൻകഴിയുന്ന ഇടപെടലുകൾ വേണം.

തൊഴിൽസേനയിൽ സ്ത്രീ പങ്കാളിത്തം ഇപ്പോഴും നന്നേകുറവാണ്. സ്ത്രീകൾക്ക് സാമ്പത്തികവും സാമൂഹ്യവുമായ സ്വയംപര്യാപ്തത കൈവരിക്കാൻ തൊഴിൽ സേനയിലെ അവരുടെ പങ്കാളിത്തം വർധിപ്പിക്കേണ്ടതുണ്ട്. അവർ കടന്നുചെല്ലാത്ത തൊഴിലിടങ്ങളിൽവരെ അവരെ എത്തിക്കാനാകണം. അതിനുള്ള നടപടികളിൽ സമൂഹത്തിന്റെ പ്രത്യേകം ശ്രദ്ധവേണം. അടുത്ത സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ ഇക്കാര്യത്തിൽ എന്തുചെയ്യാനായി എന്നു പറയാൻ കഴിയുന്നത് വലിയ നേട്ടമായിരിക്കും.

തിരുവനന്തപുരം നഗരസഭയും സ്മാർട്ട് സിറ്റി തിരുവനന്തപുരം ലിമിറ്റഡും ചേർന്ന് സംഘടിപ്പിക്കുന്ന ‘സ്വാതന്ത്ര്യം തന്നെ അമൃതം’ സ്വതന്ത്ര്യത്തിന്റെ 75–-ാം വാർഷികാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ഇന്ത്യ സ്വതന്ത്രയായപ്പോൾ സാമുദായികം അടക്കമുള്ള ഉച്ചനീചത്വങ്ങളിൽനിന്നുള്ള സ്വാഭാവിക മോചനമാകുമെന്ന് പലരും കരുതി. അതിനാൽ ആ രംഗങ്ങളിലെ ശ്രമങ്ങൾ പലയിടത്തും ഉപേക്ഷിക്കപ്പെട്ടു. എന്നാൽ, ഔപചാരിക രാഷ്ട്രീയ സ്വാതന്ത്ര്യം സാമൂഹികവും സാമ്പത്തികവുമായ വേർതിരുവുകളെ സ്വാഭാവികമായും അവസാനിപ്പിക്കുമെന്ന പ്രതീക്ഷ ഫലിച്ചില്ല.

അത് സമൂഹത്തിലെ വിടവുകൾ പിന്നെയും വർധിപ്പിച്ചുവെന്നതാണ് സത്യം. സാമ്പത്തികവും സാമൂഹികവുമായ അസന്തുലിതാവസ്ഥകൾ തുടർന്നും നിലനിന്നു. ജനാധിപത്യ, പൗര സ്വാതന്ത്ര്യങ്ങൾ സ്ഥാപിതമായതുകൊണ്ടുമാത്രം എല്ലാമായില്ല. ഭയത്തിൽനിന്നും സങ്കോചത്തിൽനിന്നും ഉൾവലിയിൽനിന്നുമൊക്കെയുള്ള പൗരന്റെ മോചനം നേടിയെടുക്കേണ്ടതായിരുന്നു. നവോത്ഥാന പൈതൃകത്തിൽനിന്ന് ഊർജം ഉൾക്കൊണ്ട്, ഈ വഴിക്കുള്ള പുതിയ മുന്നേറ്റങ്ങൾ നാം നടത്തേണ്ടിയിരിക്കുന്നു.

ഏഴര പതിറ്റാണ്ടുകൊണ്ട് നമുക്ക് എന്തുകൊണ്ടാണ് ദാരിദ്ര്യവും തൊഴിലില്ലായ്മയും നിരക്ഷരതയും തുടച്ചുനീക്കാനും സ്ത്രീ–-പുരുഷ സമത്വം സാധ്യമാക്കാനും കഴിയാതെ വന്നത്, സമതുലിതമായ വികാസം സ്ഥാപിച്ചെടുക്കാനാകാതെവന്നത് തുടങ്ങിയ ചിന്തകളിൽക്കൂടിയാണ് സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷം അർഥപൂർണമാക്കേണ്ടത്. എന്തൊക്കെ നേടിയെന്നതും നഷ്ടപ്പെടുത്തിയെന്നതും നേടിയെടുക്കാനുള്ളതെന്നതും ആലോചിക്കണം. ഇത്തരം ആലോചനകളിലൂടെ ആഘോഷത്തെ പ്രസക്തമാക്കിയെടുക്കാനാകണം.

ജനാധിപത്യ സംവിധാനത്തിൽനിന്നുകൊണ്ട് സമൂഹത്തിൽ നിലനിൽക്കുന്ന അസമത്വങ്ങളെ മറികടക്കാനും ദുർബല വിഭാഗങ്ങളെ ശക്തിപ്പെടുത്താനുമുള്ള തത്വങ്ങൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് അംഗീകരിച്ച് ഏഴു പതിറ്റാണ്ട് കഴിഞ്ഞിട്ടും അസമത്വങ്ങൾ നിലനിൽക്കുന്നു. സ്വാതന്ത്ര്യം പൂർണ അർഥത്തിൽ എല്ലാവർക്കും ലഭ്യമാകാതെ വരുന്നു. ഇക്കാര്യവും ഇത്തരം ആഘോഷങ്ങളുടെ ഇടയിൽ ചിന്താവിഷയമാകണം. ഒരുപാട് നേട്ടങ്ങളും കാര്യമായ വികസനവും ഉണ്ടായിട്ടുണ്ടെന്നത് യാഥാർഥ്യമാണ്. ഇതിന്റെ തൃപ്തിയിൽ പോരായ്മകൾ മറന്നുപോകരുത്.

അധികാരം ജനങ്ങളിലേക്ക് എത്തുമ്പോഴേ ജനാധിപത്യം പൂർണമാകൂ. അതിനുള്ള ഉപാധികളാണ് അധികാരവികേന്ദ്രീകരണവും ജനകീയാസൂത്രണവും. പ്രാദേശിക സർക്കാരുകളെന്ന വിധത്തിൽ വിഭവങ്ങളുടെ ഉടമസ്ഥതയിലും അധികാരങ്ങളുടെ വിനിയോഗത്തിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കൃത്യമായ പങ്കാളിത്തം ഉറപ്പുവരുത്താനാണ് അധികാര വികേന്ദ്രീകരണം. ജനകീയാസൂത്രണം തങ്ങൾക്ക് ആവശ്യമുള്ള പദ്ധതികൾ ജനങ്ങൾതന്നെ വിഭാവനം ചെയ്യുന്ന രീതിയുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.