സഹിൻ ആന്റണിയ്ക്കും കുടുംബത്തിനുമെതിരായ അധിക്ഷേപം : ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവറിനെതിരെ ശ്രീകണ്ഠൻ നായർ

0
39

ഏഷ്യാനെറ്റ് ന്യൂസിന്റെ വെള്ളിയാഴ്ചത്തെ ന്യൂസ് അവർ ചർച്ചയ്‌ക്കെതിരെ 24 ന്യൂസ് മേധാവി ശ്രീകണ്ഠൻ നായർ. ഇന്ത്യയിൽ നിലവിലിരിക്കുന്ന ഒരു നിയമവ്യവസ്ഥയും അംഗീകരിക്കാത്ത പരാമർശമാണ് ന്യൂസ് അവറിലുണ്ടായതെന്ന് ശ്രീകണ്ഠൻ നായർ കുറ്റപ്പെടുത്തി. മോൻസൻ മാവുങ്കലിന്റെ തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവർ ചർച്ചയ്ക്കിടെയായിരുന്നു 24 ന്യൂസിലെ സഹിൻ ആന്റണിയ്ക്കും കുടുംബത്തിനുമെതിരായ അധിക്ഷേപം.

ആ ടെലിവിഷൻ ചർച്ചയിലെ പരാമർശങ്ങൾ തന്നെ അത്ഭുതപ്പെടുത്തി. അതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അത് നിയമവിരുദ്ധമാണെന്നത് കൊണ്ട് തന്നെ തങ്ങൾ സംപ്രേഷണം ചെയ്യുന്നില്ലെന്നും ശ്രീകണ്ഠൻ നായർ പറഞ്ഞു. റോയ് മാത്യു സ്ത്രീത്വത്തോട് വലിയ ആദരവുണ്ടെന്ന് നാഴികയ്ക്ക് നാൽപത് വട്ടം ടിവിയിൽ കയറിയിരുന്ന് പറയുന്ന പത്രപ്രവർത്തകനാണെന്ന് അദ്ദേഹം പരിഹസിച്ചു.

‘പിന്നെ ന്യൂസ് അവറിന്റെ അവതാരകൻ എന്ന് പറയുന്ന വിനു വി ജോൺ എന്ന് പറയുന്ന ആൾ. ന്യൂസ് അവറിലിരിക്കുമ്പോൾ അദ്ദേഹത്തിന്റെ നാക്ക് എന്ത് പറയുമെന്ന് ഒരു മാനേജ്‌മെന്റിനും വിശ്വസിക്കാൻ പറ്റില്ല, ആ തരത്തിലാണ് അദ്ദേഹം പറയുക,’ ശ്രീകണ്ഠൻ നായർ പറഞ്ഞു. റോയ് മാത്യുവിനും, വിനു വി. ജോണിനുമെതിരെ നിയമ നടപടിക്കൊരുങ്ങി സഹിൻ ആന്റണിയുടെ ഭാര്യ അഡ്വ. മനീഷ രാധാകൃഷ്ണൻ
ഇതിനെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് സഹിൻ ആന്റണിയുടെ ഭാര്യ അഡ്വ. മനീഷ രാധാകൃഷ്ണൻ പറയുന്നു.

അഭിഭാഷകയെന്ന നിലയിൽ പരാതിയുമായി ഏതറ്റം വരെയും പോകുമെന്നും, ഇതിൽ നിന്ന് രക്ഷപ്പെടാൻ അവർക്ക് സാധിക്കില്ലെന്നും മനീഷ ട്വന്റി ഫോറിനോട് പറഞ്ഞു.

‘കുറേ ദിവസങ്ങളായി എന്റെ മകളുടെ പിറന്നാൾ ആഘോഷം എന്ന പേരിൽ ഒരു ദൃശ്യം പ്രചരിക്കുന്നു. എന്നാൽ അത് എന്റെ മകളുടെ പിറന്നാൾ ആഘോഷമല്ല. പ്രവാസി മലയാളി ഫൗണ്ടേഷൻ എന്ന സംഘടനയുടെ ആന്വൽ മീറ്റ് ജനുവരിയിൽ ബോൾഗാട്ടിയിൽ വച്ച് സംഘടിപ്പിച്ചിരുന്നു. എന്റെ ഭർത്താവും മാധ്യമപ്രവർത്തകനുമായ സഹിൻ ആന്റണിയെ ആദരിക്കുന്ന ചടങ്ങായിരുന്നു അവിടെ നടന്നത്,’ മനീഷ പറയുന്നു.

അങ്ങനെയാണ് അവിടെ വച്ച് കേക്ക് മുറിക്കുന്നത്. വേദിയിൽ കേക്ക് കണ്ടപ്പോൾ തങ്ങളുടെ മകൾ അവിടേക്ക് ഓടിക്കയറുകയായിരുന്നുവെന്നും മനീഷ കൂട്ടിച്ചേർത്തു. തന്റെ കുട്ടിയുടെ പിറന്നാൾ ആഘോഷമെന്ന നിലയിൽ കുട്ടിയുടെ മുഖം വ്യക്തമാകുന്ന രീതിയിൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെയെല്ലാം ജൂവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം പൊലീസിൽ പരാതി നൽകിയെന്നും മനീഷ പറഞ്ഞു. ബാലാവകാശ കമ്മീഷനിലും, വനിതാ കമ്മീഷനിലും പരാതി നൽകുമെന്നും മനീഷ പറഞ്ഞു.

അതേസമയം പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് റോയ് മാത്യു രംഗത്തെത്തി. പരാമർശം നാക്ക് പിഴയായിരുന്നെന്നും ഖേദം പ്രകടിപ്പിക്കുന്നെന്നും റോയ് മാത്യു പറഞ്ഞു.