കടലിലെ അപകടങ്ങൾ കുറയ്ക്കാൻ സമഗ്ര പദ്ധതി നടപ്പാക്കും: സജി ചെറിയാൻ

0
42

കടലിലുണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കുന്നതിന് തീരസംരക്ഷണസേനയുമായി ചേർന്ന് സമഗ്ര പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. വിഴിഞ്ഞത്തെ തീരസംരക്ഷണകേന്ദ്രം സന്ദർശിച്ച ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ അഞ്ച് മാസത്തിനിടെ കടലിലുണ്ടായ അപകടങ്ങളെല്ലാം 5നോട്ടിക്കൽ മൈലിനുള്ളിലാണ് നടന്നത്. 20 നോട്ടിക്കൽ മൈലിനുള്ളിൽ നടക്കുന്ന അപകടങ്ങളിൽ വേഗത്തിൽ രക്ഷാപ്രവർത്തനം നടത്താൻ അനുയോജ്യമായ ബോട്ട് വാങ്ങുന്നതിന് സമഗ്രമായ റിപ്പോർട്ട് നൽകാൻ തീരസംരക്ഷണസേനയോട് ആവശ്യപ്പെട്ടിട്ടുണ്ട്. തീരസംരക്ഷണസേനയുമായി ചേർന്ന്‌ കോസ്റ്റൽ പ്രൊട്ടക്ഷൻ മൂവ്‌മെന്റ്‌ കേരളത്തിൽ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

കടലിൽ രക്ഷാപ്രവർത്തനങ്ങൾക്കായി ഏത്‌ ബോട്ട് ഉപയോഗിക്കാമെന്നും എത്ര സ്പീഡിൽ അപകടസ്ഥലത്ത് എത്താമെന്നതിനെക്കുറിച്ചുമെല്ലാം തീരസംരക്ഷണസേന കമാൻഡർ കമാൻഡന്റ് ശ്രീകുമാർ മന്ത്രിയെ ധരിപ്പിച്ചു. മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് കോസ്റ്റ് ഗാർഡ് നടത്തുന്ന ശ്രമങ്ങളെ മന്ത്രി അഭിനന്ദിച്ചു. കോസ്റ്റ് ഗാർഡിന്റെ വിഴിഞ്ഞത്തെ പ്രശ്നങ്ങൾ പരിശോധിച്ച് പരിഹരിക്കാമെന്നും മന്ത്രി ഉറപ്പുനൽകി. കോസ്റ്റ് ഗാർഡ്കപ്പലായ സി-441ൽ അദ്ദഹം സമുദ്ര‌യാത്ര നടത്തി. കോവളം എം.എൽ.എ വിൻസന്റ്, കോസ്റ്റ് ഗാർഡ് സ്‌റ്റേഷൻ കമാൻഡർ എന്നിവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.