രക്ഷിച്ചത് 500 പേരെ,രക്ഷാപ്രവർത്തനം പാളിയോ, അഫ്ഗാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ കേന്ദ്ര സർക്കാർ കയ്യൊഴിയുന്നോ?

0
132

അഫ്‌ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചതോടെ രാജ്യം വിടുന്നവരുടെ ദയനീയ ദൃശ്യങ്ങൾ ലോകം കാണുകയാണ്. മാതൃ രാജ്യത്തേയ്ക്ക് പോകാൻ പോലും കഴിയാതെ കുടുങ്ങിയ നിരവധി വിദേശരാജ്യക്കാരിൽ ഇന്ത്യക്കാരുമുണ്ട്. അഫ്ഗാനിൽ കുടുങ്ങിയ ഇന്ത്യക്കാരിൽ ആകെ 500 പേരെ മാത്രമാണ് ഇതുവരെ രക്ഷിക്കാൻ ഇന്ത്യൻ ഭരണകൂടത്തിന് കഴിഞ്ഞത്. താലിബാൻ കാബൂൾ പിടിച്ച ദിവസമാണ് ആദ്യ രക്ഷാപ്രവർത്തന ദൗത്യം നടന്നത്. പാസ്സ്പോർട്ടിലെ പിഴവും, തിരിമറിയും ഉണ്ടായതായും താലിബാനികൾ ഇന്ത്യൻ പാസ്സ്പോർട്ടുകൾ കൈക്കലാക്കി എന്നും രാജ്യാന്തര മാധ്യമങ്ങളിൽ വാർത്ത വന്നതിന് പിന്നാലെ അഫ്‌ഗാനിൽ നിന്നും ഇന്ത്യയിലേക്ക് ജനങ്ങളെ എത്തിക്കുന്ന ദൗത്യം കേന്ദ്ര സർക്കാർ താത്കാലികമായി നിർത്തിയതായും വിദേശ കാര്യാ മന്ത്രാലയത്തിന്റെ അനൗദ്യോഗിക വിശദീകരണങ്ങൾ ഉണ്ടായിരുന്നു. ഇന്ത്യയുടെ വിദേശ നയത്തിന്റെ പാളിച്ചയാണിതെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധമുയർത്തുകയാണ് ഇടതുപക്ഷ പ്രതിപക്ഷ പാർട്ടികൾ.

അഫ്‌ഗാനിസ്ഥാൻ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ കേന്ദ്രസർക്കാർ വീഴ്‌ച വരുത്തി. ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിൽ അനാവശ്യ കാലതാമസമുണ്ടായി. ഇന്ത്യയുടെ പുതിയ സഖ്യകക്ഷിയായ അമേരിക്ക അഫ്‌ഗാന്‍ പിന്മാറ്റത്തെക്കുറിച്ച്‌ എന്തെങ്കിലും വിവരം മുൻകൂട്ടി നൽകിയിരുന്നോ? സേനയെ പൂർണമായി പിൻവലിക്കുമെന്ന്‌ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിൽത്തന്നെ ജോ ബൈഡൻ പറഞ്ഞിരുന്നു. അധികാരമേറ്റശേഷം ബൈഡൻ സേനാപിന്മാറ്റം വേഗത്തിലാക്കി. സെപ്‌തംബർ 11 വരെ സമയം നൽകിയെങ്കിലും 31ന്‌ പിന്മാറ്റം പൂർത്തിയാക്കുമെന്നാണ് അമേരിക്കൻ പ്രഖ്യാപനം. ഇക്കാര്യം നേരത്തേ ഇന്ത്യയെ അറിയിച്ചിരുന്നോ? എന്ന ചോദ്യങ്ങളുയർത്തി സി പി ഐ എം അഫ്ഗാനിലെ ഇന്ത്യക്കാരുടെ മോചനം അടിയന്തരപ്രാധാന്യത്തോടെ നടപ്പിലാക്കണമെന്നാവശ്യപ്പെട്ടു.

അഞ്ഞൂറോളം ഇന്ത്യക്കാരെ രക്ഷിച്ചെന്നാണ്‌ കണക്ക്‌. കാബൂളിലെ ഇന്ത്യൻ എംബസിയും ഇതര പ്രദേശങ്ങളിലെ നാല്‌ കോൺസുലേറ്റും പ്രവർത്തനം നിർത്തി. വിമാനത്താവളത്തിലെത്തുന്നവരെമാത്രം സഹായിക്കാൻ കുറച്ചുപേർ മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത് എന്നും സി പി ഐ എം കുറ്റപ്പെടുത്തി. അതേസമയം അഫ്ഗാന്റെ വിവിധയിടങ്ങളിൽ ഇന്ത്യൻ വംശജർ കുടുങ്ങിയിട്ടുണ്ടാകാമെന്നും, വിമാനത്താവളത്തിൽ എത്താൻ കഴിയാത്തവരെ എങ്ങനെ രക്ഷിക്കുമെന്നുമുള്ള കാര്യങ്ങളിൽ ഇപ്പോഴും വ്യക്തതയില്ല. പൊതു-സ്വകാര്യ മേഖലകളിലെ ഇന്ത്യയുടെ 500ൽപരം പദ്ധതി അഫ്‌ഗാനിലുണ്ട്‌. ഇവയുടെ ഭാവി എന്താകുമെന്നും കേന്ദ്ര സർക്കാർ വിശദീകരിക്കേണ്ടി വരും.