പരാതി പിന്‍വലിച്ചാല്‍ പരിഹാരം : വനിതാ നേതാക്കളെ കളിയാക്കി മുസ്ലിം ലീഗ്

0
58

 

എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് സ്ത്രീവിരുദ്ധ പരാമര്‍ശവും അധിക്ഷേപവും നടത്തിയെന്ന് കാണിച്ച് ലീഗ് വനിതാ വിദ്യാര്‍ത്ഥി കൂട്ടായ്മയായ ഹരിതയുടെ നേതാക്കള്‍ വനിതാകമ്മീഷനെ സമീപിച്ച നടപടിയില്‍ പ്രശ്‌നപരിഹാരത്തിന് ശ്രമിച്ച് മുസ്ലിം ലീഗ് നേതൃത്വം.

വനിതാ കമ്മീഷന് നല്‍കിയ പരാതി പിന്‍വലിച്ചാല്‍ നവാസിനെതിരെ നടപടി സ്വീകരിക്കാമെന്നാണ് ഹരിതാ നേതാക്കളോട് ലീഗ് പറഞ്ഞിരിക്കുന്നത്. എന്നാല്‍ നേരത്തെ തന്നെ നവാസിനെതിരെ ലീഗ് നേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ടെന്നും അതില്‍ എന്തെങ്കിലും നടപടിയുണ്ടായ ശേഷം മാത്രമേ മറ്റു കാര്യങ്ങള്‍ ആലോചിക്കുകയുള്ളൂവെന്നുമാണ് ഹരിതാ നേതാക്കള്‍ മറുപടി നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

നവാസിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നാണ് ഹരിതാ നേതാക്കള്‍ ലീഗ് നേതൃത്വത്തിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് പിന്നാലെ ഹരിത സംസ്ഥാന പ്രസിഡന്റ് മുഫീദ തെസ്‌നിക്കും ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറക്കുമെതിരെ നടപടി സ്വീകരിക്കാനാണ് നീക്കമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഹരിതയുടെ നേതാക്കള്‍ വനിതാ കമ്മീഷനെ സമീപിച്ചത് അച്ചടക്കലംഘനമാണെന്നാണ് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം കഴിഞ്ഞ ദിവസം പ്രതികരിച്ചത്. പാര്‍ട്ടിക്ക് ലഭിച്ച പരാതിയില്‍ ഇരുവിഭാഗങ്ങളെയും കേള്‍ക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്തതാണെന്നും ലഭിച്ച പരാതിയില്‍ തുടര്‍നടപടികള്‍ പരിഗണനയിലിരിക്കുകയായിരുന്നെന്നും സലാം പറഞ്ഞു.

ഇത്തരം കാര്യങ്ങള്‍ സംഘടനാപരിധിക്ക് പുറത്തേക്ക് കൊണ്ട് പോകുന്നതും വനിതാകമ്മീഷനെ സമീപിച്ചതും അച്ചടക്കലംഘനമായി കാണാതിരിക്കാനാവില്ലെന്നും പി.എം.എ.സലാം വ്യക്തമാക്കി. എം.എസ്.എഫ് ദേശീയ സെക്രട്ടറി അഡ്വ.എന്‍.എ. കരീമും വനിതാ കമ്മീഷനില്‍ പരാതി നല്‍കിയതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
പരാതി നല്‍കിയ സംഭവത്തില്‍ പ്രതികരണവുമായി എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസും എത്തിയിരുന്നു. തനിക്കെതിരായ പരാതിക്ക് പിന്നില്‍ കൃത്യമായ അജണ്ടയുണ്ടെന്നും ശിഖണ്ഡി യുദ്ധം നയിക്കുന്ന നായകര്‍ക്ക് തന്റെ പച്ചമാംസം കൊത്തി വലിക്കാന്‍ ഇനിയും നിന്നുതരാമെന്നും നവാസ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞിരുന്നു.