വണ്ടിപ്പെരിയാർ കൊലപാതകം: കുറ്റപത്രം ചൊവ്വാഴ്ച സമർപ്പിക്കും

0
78

 

വണ്ടിപ്പെരിയാറിലെ ആറ് വയസുകാരിയുടെ കൊലപാതകത്തിൽ കുറ്റപത്രം മറ്റന്നാൾ സമർപ്പിക്കും. പ്രതി അർജുനെതിരെ ബലാത്സം​ഗം, കൊലപാതകം, പോക്സോ ഉൾപ്പെടെ ആറ് വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.പ്രതിയെ പിടികൂടി 38 ദിവസത്തിനുള്ളിലാണ് കുറ്റപത്രം സമർപ്പിക്കുന്നത്.

കേസിൽ 36 സാക്ഷികളുടേയും 150 ൽ അധികം പേരുടേയും മൊഴി രേഖപ്പെടുത്തിയെന്ന് പൊലീസ് അറിയിച്ചു. പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാനാണ് കുറ്റപത്രം നേരത്തെ സമർപ്പിക്കുന്നത്. പഴുതടച്ചുള്ള കുറ്റപത്രമാണ് തയാറാക്കിയിരിക്കുന്നതെന്നും അന്വേഷണ സംഘം അറിയിച്ചു.

ജൂൺ 30നാണ് വണ്ടിപ്പെരിയാറിൽ ആറുവയസുകാരി കൊല്ലപ്പെട്ടത്. സംഭവ ദിവസം വീട്ടിലെത്തിയ പ്രതി കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു. ബോധരഹിതയായ പെൺകുട്ടി മരിച്ചു എന്നുകരുതി പ്രതി കെട്ടിത്തൂക്കുകയായിരുന്നു.

സംഭവ സ്ഥലത്തെത്തിയ പൊലീസ് അർജുൻ ഉൾപ്പെടെയുള്ള സമീപവാസികളെ ചോദ്യം ചെയ്തു. അർജുന്റെ മൊഴികളിൽ വൈരുദ്ധ്യം തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയും തുടർന്ന് ഇയാൾ കുറ്റം സമ്മതിക്കുകയുമായിരുന്നു.