പ്രൊഫ. വി സുകുമാരൻ അന്തരിച്ചു

0
36

പ്രശസ്‌ത നിരൂപകനും സൗന്ദര്യശാസ്‌ത്ര ചിന്തകനും ബഹുഭാഷാ പണ്ഡിതനുമായ പ്രൊഫ. വി സുകുമാരൻ(85) അന്തരിച്ചു. ലളിതവും ഹൃദ്യവുമായ ഭാഷയിൽ നർമം കലർത്തിയുള്ള ചിന്തകളാൽ മലയാള സാഹിത്യത്തിൽ ഇടംനേടിയ എഴുത്തുകാരനായിരുന്നു. ഷൊർണൂരിനടുത്ത വാണിയംകുളത്തെ സ്വകാര്യ മെഡി. കോളേജ്‌ ആശുപത്രിയിൽ രാത്രി ഒമ്പതരയോടെയായിരുന്നു അന്ത്യം.

ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാൽ കഴിഞ്ഞ കുറച്ചു ദിവസമായി ചികിത്സയിലായിരുന്നു. വിശ്രമത്തിനായി വ്യാഴാഴ്‌ചയാണ്‌ ഷൊർണൂർ കൈലിയാടുള്ള സഹോദരിയുടെ വീട്ടിലെത്തിയത്‌. ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന്‌ വെള്ളിയാഴ്‌ച ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കോഴിക്കോട്‌ ഗിരിനഗർ സുരഭിയിലായിരുന്നു താമസം.

പാലക്കാട് സ്വദേശി എം പി നാരായണൻ നായരുടെയും വാവുള്ളിപ്പതി കല്യാണി അമ്മയുടെയും മകനായി 1936 സെപ്തംബർ 30ന് ചെന്നൈയിലായിരുന്നു ജനനം. പാലക്കാട് ആലത്തൂരിലാണ് ഹൈസ്കൂൾ പഠനം. മദ്രാസ്, കേരള സർവകലാശാലകളിൽ നിന്ന് ഉന്നത വിദ്യാഭ്യാസം. 1960ൽ കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ അധ്യാപകനായി. പിന്നീട് തൃശൂർ കേരളവർമ കോളേജിലേക്ക് മാറി. കേന്ദ്ര സർവീസിൽ പ്രവേശിച്ച അദ്ദേഹം 1996ൽ വിരമിച്ചു.

നാലുപതിറ്റാണ്ട് ഇന്ത്യയ്‌ക്കകത്തും വിദേശ സർവകലാശാലകളിലും ഇംഗ്ലീഷ്‌, സാഹിത്യ അധ്യാപകനായിരുന്നു. ഇംഗ്ലീഷിലും മലയാളത്തിലുമായി പുസ്‌തക നിരൂപണം നടത്തിയ അദ്ദേഹം ഇരുപതോളം പുസ്‌തകങ്ങൾ രചിച്ചു. മാർക്സിയൻ സൗന്ദര്യശാസ്ത്രം, നവസിദ്ധാന്തങ്ങൾ, സ്ത്രീ: എഴുത്തും വിമോചനവും, വാക്കിന്റെ വജ്രസൂചി എന്നിവയാണ് പ്രസിദ്ധ കൃതികൾ. ശക്തി തായാട്ട്, സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്‌ക്കുള്ള അവാർഡ്‌ തുടങ്ങിയവ നേടിയിട്ടുണ്ട്‌. ദേശാഭിമാനി വാരികയിൽ സാഹിത്യ നിരൂപണത്തെക്കുറിച്ചും വാരാന്തപ്പതിപ്പിൽ ഇംഗ്ലീഷ്‌ ഭാഷയെക്കുറിച്ചുമുള്ള പംക്തികൾ ദീർഘകാലം എഴുതിയിട്ടുണ്ട്‌. സാഹിത്യ അക്കാദമി അംഗവും പുരോഗമന കലാ സാഹിത്യസംഘം സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു.

ചെറുകഥാകൃത്ത് പരേതയായ കുമുദം സുകുമാരനാണ് ഭാര്യ. മക്കൾ: ഡോ. അജിത് സുകുമാരൻ (യു കെ), അനൂപ് സുകുമാരൻ (ബാങ്കോക്‌). മരുമക്കൾ: ഡോ. രജിത(യുകെ), ദീപ(ബാങ്കോക്‌‌). സഹോദരങ്ങൾ: പരേതരായ ലക്ഷ്‌മി മേനോൻ, കനകലത, സുശീല, വി കൃഷ്‌ണൻകുട്ടി നായർ.