വാടകയ്ക്ക് താമസിക്കുന്നവർക്കും ട്രാൻസ്‌ജെൻഡേഴ്‌സിനും റേഷൻ കാർഡ് ; മന്ത്രി ജി.ആർ. അനിൽ

0
59

സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം സമർപ്പിച്ചാൽ വാടകയ്ക്ക് താമസിക്കുന്നവർക്ക് റേഷൻകാർഡ് നൽകുമെന്ന് മന്ത്രി ജി.ആർ. അനിൽ. തെരുവിൽ അന്തിയുറങ്ങുന്നവർക്കും ട്രാൻസ്‌ജെൻഡേഴ്‌സിനും റേഷൻകാർഡ് നൽകാൻ സംസ്ഥാനസർക്കാർ നടപടി സ്വീകരിക്കുമെന്നും മന്ത്രി നിയമസഭയിൽ അറിയിച്ചു.സർക്കാർ അഭ്യർഥനപ്രകാരം 1,30,371 റേഷൻ കാർഡാണ്‌ തിരികെ ലഭിച്ചത്‌. 10,445 എണ്ണം എഎവൈ കാർഡാണ്‌. ഈ കാർഡുകൾ പന്ത്രണ്ടോളംപേർക്ക്‌ ഇതിനകം മാറ്റി നൽകി.

ട്രാൻസ്‌ജെൻഡേഴ്‌സിന്‌ റേഷൻ കാർഡും സൗജന്യ കിറ്റും നൽകും. അഞ്ച്‌ വർഷത്തിലേറെയായി അവശ്യസാധനങ്ങൾക്ക്‌ കേരളത്തിൽ വില കൂടിയിട്ടില്ലെന്നും മന്ത്രി ധനാഭ്യർഥന ചർച്ചയ്‌ക്ക്‌ മറുപടിയായി പറഞ്ഞു. ദുരിതകാലത്ത്‌ ജനങ്ങൾക്ക്‌ അന്നം നൽകുന്ന കിറ്റ്‌ വിതരണത്തെ പ്രതിപക്ഷം ഇകഴ്‌ത്തുകയാണ്‌. പട്ടിണി ഇല്ലാതാക്കാനാണ്‌ കിറ്റ്‌ നൽകിയത്‌. ഇതുവരെ മുടങ്ങിയിട്ടില്ല. ഇതുവരെ 10.16 കോടി കിറ്റ്‌ നൽകി, 5000 കോടിരൂപ ചെലവഴിച്ചു. ഇവ നിർത്തുന്നുവെന്ന വാർത്ത അടിസ്ഥാനരഹിതമാണ്‌. ഊർജിതമായി മുന്നോട്ട്‌ കൊണ്ടുപോകുമെന്നും മന്ത്രി പറഞ്ഞു.