ലോക മുലയൂട്ടൽ വാരാചരണം: എല്ലാ ജില്ലകളിലും കെഎസ്ആർടിസി ബസ് ബ്രാന്റിംഗ്

0
59

 

ലോക മുലയൂട്ടൽ വാരാചരണത്തിന്റെ ഭാഗമായി മുലയൂട്ടലിന്റെ സന്ദേശങ്ങൾ സംസ്ഥാനമാകെ പ്രചരിപ്പിക്കുന്നതിന് വനിത ശിശുവികസന വകുപ്പ് സംഘടിപ്പിക്കുന്ന കെഎസ്ആർടിസി ബസ് ബ്രാൻഡിംഗിന്റെ ഫ്‌ളാഗ് ഓഫ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു. എല്ലാ ജില്ലകളിലും കെഎസ്ആർടിസി ബസ് ബ്രാന്റിംഗ് ചെയ്യുന്നതാണ്.

‘മുലയൂട്ടൽ പരിരക്ഷണം ഒരു കൂട്ടായ ഉത്തരവാദിത്തം’ (Protect Breast feeding – a Shared Responsibility) എന്നതാണ് ഈ വർഷത്തെ പ്രമേയം. ലോകമുലയൂട്ടൽ വാരാചരണത്തിന്റെ ഭാഗമായി സമ്പുഷ്‌ട കേരളം പദ്ധതിയുടെ ഭാഗമായി നിരവധി പ്രവർത്തനങ്ങളാണ് വനിതാ ശിശു വികസന വകുപ്പ് ആസൂത്രണം ചെയ്‌തിരിക്കുന്നത്.

കുഞ്ഞു ജനിച്ച് ആദ്യ ഒരു മണിക്കുറിനുള്ളിൽ മുലപ്പാൽ നൽകുന്നതിന്റെ പ്രാധാന്യത്തെപ്പറ്റിയും 6 മാസം വരെ മുലപ്പാൽ മാത്രം നൽകുന്നതിനെപ്പറ്റിയും തുടർന്ന് മറ്റു പോഷകാഹാരത്തോടൊപ്പം മുലപ്പാൽ നൽകുന്നതിന്റെ ആവശ്യകതയെപ്പറ്റിയും അങ്കണവാടി പ്രവർത്തകർ മുഖേന കേരളമൊട്ടാകെ ബോധവൽകരണ പരിപാടികൾ സംഘടിപ്പിച്ചു വരുന്നു.

അങ്കണവാടി വർക്കർമാർ വഴി സാമൂഹികാധിഷ്ഠിത പരിപാടികൾ, ഓൺലൈൻ, വാട്‌സാപ്പ്, ടെലി കോൺഫറൻസ് കോൾ മുഖേനയുള്ള ലൊക്കേഷൻ കൗൺസിലിംഗ്, ഗർഭിണികൾക്ക് കോവിഡ് വാക്‌സിനേഷൻ എടുക്കുന്നതിന്റെ ആവശ്യകതയെപ്പറ്റിയുള്ള ബോധവൽകരണ പരിപാടികൾ എന്നിവയും സംഘടിപ്പിച്ചു വരുന്നു. 4 ലക്ഷം വരുന്ന ഗുണഭോക്താക്കളിലെങ്കിലും ഈ സന്ദേശങ്ങൾ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.

കൂടാതെ 158 ന്യൂട്രീഷ്യൻ ക്ലിനിക്കുകൾ വഴി ന്യൂട്രീഷ്യനിസ്റ്റിന്റേയും ശിശുരോഗ വിദഗ്ധന്റേയും കൺസൾട്ടേഷനും ടെലി കൗൺസിലിംഗും സംഘടിപ്പിച്ചു വരുന്നു. മുലയൂട്ടൽ പ്രോത്സാഹിപ്പിക്കുവാൻ പൊതുയിടങ്ങളിൽ ബ്രസ്റ്റ് ഫീഡിംഗ് പോടുകൾ സ്ഥാപിച്ച് മാതൃ-ശിശു സൗഹാർദ്ദമാക്കുവാൻ വേണ്ടിയുള്ള നടപടികളും സ്വീകരിച്ചു വരുന്നു.വനിത ശിശുവികസന വകുപ്പ് ഡയറക്ടർ ടി.വി. അനുപമ പങ്കെടുത്തു.