കേരളാ പോലീസിന്‍റെ അഭിമാനമായ മൗണ്ടഡ് പോലീസിലെ മിടുക്കന്‍ കുതിര അരസാന്‍ ഇനി തടസങ്ങളില്ലാതെ ശ്വസിക്കും.

0
33
അപൂര്‍വ്വ ശസ്ത്രക്രിയയിലൂടെ സുഖം പ്രാപിച്ച മൗണ്ടഡ് പോലീസിലെ കുതിര അരസാന്‍ ഡോക്ടര്‍മാരോടൊപ്പം.
അപൂര്‍വ്വ ശസ്ത്രക്രിയയിലൂടെ സുഖം പ്രാപിച്ച മൗണ്ടഡ് പോലീസിലെ കുതിര അരസാന്‍ ഡോക്ടര്‍മാരോടൊപ്പം.

മൂക്കിനകത്ത് ആഴത്തില്‍ വളര്‍ന്ന മുഴ മൂലം കുറച്ചുനാളുകളായി ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുകയായിരുന്നു അരസാന്‍. സങ്കീര്‍ണ്ണവും അത്യപൂര്‍വ്വവുമായ ശസ്ത്രക്രിയ നടത്തി 1.2 കിലോഗ്രാം തൂക്കമുളള വലുപ്പമേറിയ മുഴ നീക്കം ചെയ്ത് ശ്വാസതടസം മാറ്റി. മൗണ്ടഡ് പോലീസ് അസിസ്റ്റന്‍റ് ഡയറക്ടര്‍ ഡോ.ലോറന്‍സിന്‍റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.

സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരം ശസ്ത്രക്രിയ നടത്തുന്നത്. ഒരു മണിക്കൂറിലേറെ നീണ്ട ശസ്ത്രക്രിയയില്‍ അനസ്ത്യേഷ്യ നല്‍കുന്നതുള്‍പ്പെടെയുള്ള ഘട്ടങ്ങള്‍ അപകടം നിറഞ്ഞതായിരുന്നു.

പത്തുവര്‍ഷം മുമ്പ് കേരളാ പോലീസിന്‍റെ ഭാഗമായ കുതിരയ്ക്ക് ശ്വസനസംബന്ധമായ പ്രശ്നങ്ങള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൂക്കിനകത്തെ മാംസ വളര്‍ച്ച കണ്ടെത്തിയത്. തുടര്‍ന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ ബല്‍റാം കുമാര്‍ ഉപാദ്ധ്യായയുടെ നിര്‍ദ്ദേശപ്രകാരം ചികില്‍സയ്ക്കായി പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിക്കുകയായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം ഒരു മാസത്തെ പൂര്‍ണ്ണവിശ്രമത്തിലാണ് ഇപ്പോള്‍ അരസാന്‍.

പൂക്കോട് വെറ്ററിനറി കോളേജിലെ ഡോ.സൂര്യദാസിന്‍റെ നേതൃത്വത്തിലുളള വിദഗ്ദ്ധസംഘമാണ് അനസ്ത്യേഷ്യ നല്‍കിയത്. പൂക്കോട് വെറ്റിനറി കോളേജിലെ ദിനേഷ്.പി.റ്റി, ജിനേഷ്കുമാര്‍.എന്‍.എസ്, സീസ്മാ സുബ്രഹ്മണ്യം, സൗല്‍ജയ്.ജെ.എസ്, ശ്രുതി ചന്ദ്രമോഹന്‍, മള്‍ട്ടിസ്പെഷ്യാലിറ്റി വെറ്ററിനറി ഹോസ്പിറ്റലിലെ അനൂപ് രാജമണി, തിരുവനന്തപുരം സുവോളജിക്കല്‍ ഗാര്‍ഡനിലെ ജേക്കബ് അലക്സാണ്ടര്‍ എന്നിവരായിരുന്നു സംഘത്തിലെ മറ്റ് ഡോക്ടര്‍മാര്‍.