കണ്ണൂർ ജില്ലയില്‍ ജൂലൈ 30, 31 തീയതികളിലായി 50,000 ഡോസ് വാക്സിന്‍ വിതരണം ചെയ്യും

0
31

കണ്ണൂർ ജില്ലയില്‍ (വെള്ളി,ശനി) 50,000 വാക്സിന്‍ ഡോസുകള്‍ വിതരണം ചെയ്യുമെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. ഇതില്‍ 25,000 ഡോസുകള്‍ വീതം ഒന്നും, രണ്ടും ഡോസുകള്‍ ലഭിക്കേണ്ടവര്‍ക്കിടയില്‍ വിതരണം ചെയ്യും. ഇവയില്‍ 5000 വീതം ഓണ്‍ലൈനായും ബാക്കി സ്പോട്ട് രജിസ്ട്രേഷന്‍ വഴിയുമാണ് നല്‍കുക. ഒന്നാം ഡോസ് ലഭിച്ച് കൂടുതല്‍ ദിവസം കഴിഞ്ഞവര്‍ക്ക് സ്പോട്ട് രജിസ്ട്രേഷനില്‍ മുന്‍ഗണന നല്‍കും. ഇതിനായി തദ്ദേശസ്ഥാപന തലത്തില്‍ മുന്‍ഗണനാ പട്ടിക തയ്യാറാക്കും.

തദ്ദേശ സ്ഥാപനങ്ങളിലെ ജനസംഖ്യയും നിലവില്‍ എത്ര ശതമാനം പേര്‍ക്ക് വാക്സിന്‍ ലഭിച്ചു എന്നതും പരിഗണിച്ചായിരിക്കും ഒന്നാം ഡോസ് വിതരണം. സ്പോട്ട് രജിസ്ട്രേഷനില്‍ പൊതുജനങ്ങളുമായി കൂടുതല്‍ ഇടപെടുന്ന വിഭാഗങ്ങള്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും മുന്‍ഗണന നല്‍കും. മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് പൂര്‍ണ്ണമായി വാക്സിന്‍ ലഭ്യമാക്കുന്നതിനുള്ള ആക്ഷന്‍ പ്ലാന്‍ തദ്ദേശ സ്ഥാപന തലത്തില്‍ ആവിഷ്‌കരിക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.

പൊതുഗതാഗത സംവിധാനങ്ങളിലെ ജീവനക്കാര്‍, ഓട്ടോറിക്ഷാ – ടാക്സി തൊഴിലാളികള്‍, കച്ചവടക്കാര്‍, ബാര്‍ബര്‍മാര്‍, ടെയ്ലര്‍മാര്‍, സ്റ്റുഡിയോ ജീവനക്കാര്‍, സ്വയം തൊഴില്‍ ചെയ്യുന്നവര്‍, തൊഴിലുറപ്പു തൊഴിലാളികള്‍, മത്സ്യത്തൊഴിലാളികള്‍, അതിഥി തൊഴിലാളികള്‍, നിര്‍മാണ- അനുബന്ധ മേഖലകളിലെ തൊഴിലാളികള്‍, പാചകവാതക വിതരണക്കാര്‍, ഡെലിവറി സേവനങ്ങളിലെ ജീവനക്കാര്‍, കയറ്റിറക്ക് തൊഴിലാളികള്‍ എന്നിവരെയാണ് മുന്‍ഗണനാ വിഭാഗത്തിലുള്‍പ്പെടുത്തുക.

പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍, പരീക്ഷയില്‍ പങ്കെടുക്കേണ്ട വിദ്യാര്‍ത്ഥികള്‍, വിദേശത്ത് പോകേണ്ടവര്‍ എന്നിവര്‍ക്കും മുന്‍ഗണന നല്‍കും. മുന്‍ഗണനാടിസ്ഥാനത്തില്‍ ആളുകളെ നിശ്ചയിക്കുമ്പോള്‍ യാതൊരു വിധ വിവേചനവും ഉണ്ടാകുന്നില്ലെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ ഉറപ്പു വരുത്തണമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി. സ്പോട്ട് രജിസ്ട്രേഷന്‍ വഴി വാക്സിന്‍ നല്‍കേണ്ടവരുടെ വാര്‍ഡ്തല മുന്‍ഗണനാ പട്ടിക അതാത് തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍കൂട്ടി തയ്യാറാക്കണം. വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ ആള്‍ക്കൂട്ടമുണ്ടാകാത്ത രീതിയില്‍ വാക്സിന്‍ വിതരണം ആസൂത്രണം ചെയ്യണം.

ഇതിനായി വാര്‍ഡ് ആര്‍ആര്‍ടിമാരുടെ നേതൃത്വത്തില്‍ സമയക്രമം പാലിച്ച് ആളുകളെ എത്തിക്കാന്‍ സംവിധാനമൊരുക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലയില്‍ കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കൊവിഡ് പോസിറ്റീവായ വ്യക്തിയുടെ വീട്ടുകാര്‍ക്കൊപ്പം അവരുടെ അയല്‍വീടുകളിലുള്ളവരെ കൂടി പരിശോധനയ്ക്ക് വിധേയമാക്കണമന്നും ഡിഡിഎംഎ യോഗത്തില്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു. രോഗബാധ തുടക്കത്തില്‍ തന്നെ കണ്ടെത്തി വ്യാപനം തടയുന്നതിന് വേണ്ടിയാണിത്. അനുമതിയോടെ നടത്തുന്ന പൊതു ചടങ്ങുകളിലും മാസ്‌ക്ക് ധാരണം, സാമൂഹിക അകലം പാലിക്കല്‍, സൈനിറ്റൈസര്‍ ഉപയോഗം തുടങ്ങിയ കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താന്‍ പോലിസിന് കര്‍ശന നിര്‍ദ്ദേശം നല്‍കി.