സുചിത്രയുടെ മരണം; ഭർത്താവിന്റെ മാതാപിതാക്കൾ കസ്റ്റഡിയിൽ

0
64

 

ആലപ്പുഴ വള്ളികുന്നത്ത് പത്തൊമ്പതുകാരി ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ച സംഭവത്തിൽ സ്ത്രീധന പീഡനത്തിന് പൊലീസ് കേസെടുത്തു. കായംകുളം കൃഷ്ണപുരം സ്വദേശി സുചിത്രയുടെ മരണത്തിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സുചിത്രയുടെ ഭർത്താവ് വിഷ്ണുവിന്റെ മാതാപിതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഉത്തമൻ, സുലോചന എന്നിവരെയാണ് ചെങ്ങന്നൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ട് ഉണ്ടായ മാനസിക പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകും.

ജൂൺ 22നാണ് സുചിത്രയെ ഭർത്താവിന്റെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മരണം നടക്കുമ്പോൾ ഉത്തമനും സുലോചനയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മാർച്ച് 21നായിരുന്നു വിഷ്ണുവിന്റെയും സുചിത്രയുടേയും വിവാഹം. സൈനികനായ വിഷ്ണു മേയിൽ ജോലി സ്ഥലമായ ജാർഖണ്ഡിലേക്ക് മടങ്ങിയിരുന്നു.