കേന്ദ്ര സർക്കാരിനെ വിമർശനം, പത്ത് വർഷത്തിനിടെ 10,898 രാജ്യദ്രോഹക്കേസുകൾ

0
38

ബിജെപി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഇന്ത്യയിൽ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നതിൽ വ്യാപക വർധന.2010 മുതൽ 2020വരെയുള്ള 10 വർഷത്തിനിടെ 798 കേസുകളിലായി 10,898 പേർക്കെതിരെയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. യു പി എ സർക്കാരിന്റെ കാലത്തുള്ളതിനേക്കാൾ 28 ശതമാനമാണ് വർദ്ധനവ് ഉണ്ടായിരിക്കുന്നത്. 65 ശതമാനം കേസും ബിജെപി അധികാരത്തിലെത്തിയതിനുശേഷമാണ്.10,898 കേസിൽ ഒൻപത് പേര് പ്രായപൂർത്തിയാകാത്തവരാണ്. 2008ൽ യുഎപിഎ നിയമത്തിൽ വരുത്തിയ ഭേദഗതിയാണ് രാജ്യദ്രോഹക്കേസുകൾക്ക് വ്യാപകമായി ചുമത്താൻ വഴിയൊരുക്കിയത്.

രാജ്യദ്രോഹ കുറ്റം ചുമത്തുന്നതിനെ സുപ്രീം കോടതി വിമർശിച്ച അതെ ദിവസം ഹരിയാന ഡെപ്യൂട്ടി സ്പീക്കറുടെ കാർ തടഞ്ഞ നൂറോളം കർഷക പ്രക്ഷോഭകർക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുത്ത് സർക്കാർ നയം വ്യക്തമാക്കി. 2014ന് ശേഷം കേന്ദ്ര സർക്കാരിനെതിരെ വിമർശിക്കുന്നവരെ നിശബ്ദമാക്കാൻ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യുന്നുണ്ടെന്നാണ് പുറത്ത് വരുന്ന കണക്കുകൾ വ്യക്തമാക്കുന്നത്.

ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളിലും സ്ഥിതി സമാനമാണ്. 405 ഇന്ത്യക്കാർക്കെതിരെയാണ് സർക്കാരിനെയോ രാഷ്ട്രീയക്കാരെയൊ വിമർശിച്ചതിന് കേസെടുത്തത്. ഇതിൽ 96ശതമാനവും 2014ന് ശേഷം. 149 എണ്ണം മോഡിയെ വിമർശിച്ചതിനോ ‘അവഹേളിച്ചതി’നോ ആണ്. 144കേസ് യോഗി ആദിത്യനാഥിനെ പരാമർശിച്ചതിനും.

പൗരത്വ ഭേദഗതി നിയമം, ഹഥ്റാസ് ബലാത്സംഗം എന്നിവക്കെതിരെ പ്രതിഷേധിച്ചവർക്കു നേരെ രാജ്യദ്രോഹം ചുമത്തി. ഹഥ്റാസിൽ മാധ്യമപ്രവർത്തകനടക്കം 18 പേർക്കെതിരെ രാജ്യദ്രോഹക്കുറ്റമടക്കം ചുമത്തി 22 കേസ് രജിസ്റ്റർ ചെയ്തു.ഇതുകൂടാതെ ലക്ഷദ്വീപിലെ സമരം ചെയുന്നവർക്കെതിരെയും, രാജ്യദ്രോഹ കുറ്റം ചുമത്തിയിരുന്നു. ഐഷ സുൽത്താനയ്‌ക്കെതിരെ രാജ്യദ്രോഹം ചുമത്തിയതിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. പ്രതികരിക്കുന്ന മനുഷ്യരെ കരിനിയമം ചുമത്തി നിശബ്ദമാക്കുന്ന രാജ്യദ്രോഹക്കുറ്റം നിയമഭേദഗതി ചെയ്യണമെന്ന ആവശ്യം ശക്തമാണ്. ബ്രിട്ടീഷ് കാലത്തെ ഈ നിയമം പരിഷ്‍കരിക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കണമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു