പ്രതിദിന കോവിഡ് കേസുകളില്‍ വീണ്ടും വര്‍ധന ; 24 മണിക്കൂറിൽ 41,806 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

0
34

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളില്‍ വീണ്ടും വര്‍ധന. 24 മണിക്കൂറിനിടെ 41,806 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. മൂന്നു ദിവസത്തിന് ശേഷമാണ് പ്രതിദിന കണക്ക് 40,000നു മുകളിലെത്തുന്നത്. ഇന്നലെ 581 മരണം കൂടി സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ 3,09,87,880 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 3,01,43,850 പേര്‍ രോഗമുക്തരായി. 4,11,989 പേര്‍ രോഗബാധിതരായി മരിച്ചു. നിലവില്‍ 4,32,041 പേരാണ് ചികിത്സിയിലുള്ളത്.

കോവിഡ് കേസുകളുടെ എണ്ണത്തില്‍ ഏറ്റക്കുറച്ചില്‍ തുടരുമ്പോഴും രോഗമുക്തരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനയുണ്ട്. രോഗമുക്തി നിരക്ക് പതിവായി വര്‍ധിച്ച് 97.28 ശതമാനമായി ഉയര്‍ന്നു. ആകെ രോഗബാധിതരുടെ 1.39 ശതമാനമാനം മാത്രമാണ് നിലവില്‍ ചികിത്സയിലുള്ളത്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.15 ശതമാനമാണ്. 24 ദിവസമായി ടിപിആര്‍ മൂന്ന് ശതമാനത്തില്‍ താഴെയാണ്. പ്രതിവാര ടിപിആര്‍ അഞ്ച് ശതമാനത്തിലെ താഴെ തുടരുകയാണ്. നിലവില്‍ ഇത് 2.21 ശതമാനമാണ്.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തിയതിന്റെ ഭാഗമായി പരിശോധനാശേഷി ഗണ്യമായി വര്‍ധിപ്പിച്ചു. ഇതുവരെ 43.80 കോടി പരിശോധനകളാണ് നടത്തിയത്. രാജ്യവ്യാപക പ്രതിരോധ കുത്തിവെപ്പിന്റെ ഭാഗമായി ഇതുവരെ 39,13,40,491 ഡോസ് വാക്സിനാണ് നല്‍കിയത്. 31,35,29,502 ഫസ്റ്റ് ഡോസുകളും 7,78,10,989 സെക്കന്‍ഡ് ഡോസുകളുമാണ് ഇതുവരെ നല്‍കിയത്.

പ്രതിദിന കേസുകളില്‍ കേരളമാണ് മുന്നില്‍. ഇന്നലെ 15,637 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട (8602), ആന്ധ്രപ്രദേശ് (2591), തമിഴ്‌നാട് (2458), ഒഡീഷ (2074), അസം (2046), കര്‍ണാടക (1990) എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ സ്ഥിതി. കോവിഡ് ബാധിതരുടെ എണ്ണത്തില്‍ മഹാരാഷ്ട്രയാണ് മുന്നില്‍. ഇതുവരെ 61,81,247 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. കേരളം (31,03,310), കര്‍ണാടക (28,76,587), തമിഴ്‌നാട് (25,26,401), ആന്ധ്രപ്രദേശ് (19,29,579) എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ സ്ഥിതി.