യൂറോകപ്പ്; ഷൂട്ട്​ഔട്ടിൽ യൂറോകിരീടം സ്വന്തമാക്കി ഇറ്റലി

0
139

 

പെനാൽട്ടി ഷൂട്ടൗട്ട് വരെ ആവേശം നിറഞ്ഞ ഫൈനൽ മത്സരത്തിൽ ഇംഗ്ലണ്ടിനെ കീഴടക്കി ഇറ്റലി യൂറോ കപ്പ് സ്വന്തമാക്കി. ​നിശ്ചിത സമയത്തും അധിക സമയത്തും മത്സരം സമനില പിരിഞ്ഞതോടെ പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് അസൂറികൾ യൂറോ കീരിടം സ്വന്തമാക്കിയത്.പെനാൽട്ടി ഷൂട്ടൗട്ടിൽ 3-2 എന്ന സ്‌കോറിനാണ് വിജയം.

ഗോൾകീപ്പർ ജിയാൻ ലൂയി ഡോണറുമ്മയാണ് ഇറ്റലിയ്ക്ക് പെനാൽട്ടി ഷൂട്ടൗട്ടിൽ വിജയം സമ്മാനിച്ചത്.. ഇംഗ്ലണ്ടിന്റെ റാഷ് ഫോർഡിന്റെ കിക്ക് പാഴായപ്പോൾ ജേഡൻ സാഞ്ചോയുടെയും സാക്കയുടെയും ഷോട്ട് ഡോണറുമ്മ തട്ടി അകറ്റുകയായിരുന്നു.

മത്സരം ആരംഭിച്ച് രണ്ടാം മിനിറ്റിൽ കെവിൻ ട്രിപ്പിയർ നൽകിയ ക്രോസ് മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ ലഫ്റ്റ് വിങ് ബാക്ക് ലൂക്ക് ഷോയിലൂടെ ഇംഗ്ലണ്ട് ലീഡ് നേടുകയായിരുന്നു. ആദ്യ പകുതിയിൽ ഇംഗ്ലണ്ട് തന്നെയാണ് ആധിപത്യം പുലർത്തിയത്. ഗോളടിക്കാനുള്ള ഇറ്റലിയുടെ എല്ലാശ്രമവും ഇംഗ്ലീഷ് പ്രതിരോധനിര തടഞ്ഞു.

മത്സരത്തിന്റെ 68ാം മിനിറ്റിൽ കോർണർ കിക്കിനിടെ ഗോൾ പോസ്റ്റിലുണ്ടായ ഒരു കൂട്ടപ്പൊരിച്ചിലിൽ പ്രതിരോധ താരം ബൊനൂച്ചിയിലൂടെ ഇറ്റലി സമനില ഗോൾ നേടി. എക്‌സ്ട്രാ ടൈമിലും കാര്യമായ നീക്കങ്ങൾ ഇരുടീമുകൾക്കും നടത്താനായില്ല. ഇതോടെ മത്സരം പെനാൽട്ടി ഷൂട്ടൗട്ടിലേക്ക് നീണ്ടു.

1968-ന് ശേഷം ഇതാദ്യമായാണ് ഇറ്റലി യൂറോ കപ്പിൽ മുത്തമിടുന്നത്. ആദ്യ യൂറോകപ്പ് കിരീടം ലക്ഷ്യം വെച്ചിറങ്ങിയ ഇംഗ്ലീഷ് പടയ്ക്ക് കണ്ണിരോടെ സ്വന്തം കാണികൾക്ക് മുന്നിൽ മടക്കം. ആദ്യം ലീഡ് നേടിയ ശേഷമാണ് ഇംഗ്ലണ്ട് കളി കൈവിട്ടത്. അനാവശ്യമായി പ്രതിരോധത്തിലേക്ക് നീങ്ങിയതാണ് ത്രീ ലയൺസിന് വിനയായത്.