ക്ഷേമനിധി ബോർഡുകളുടെ പ്രവർത്തനം ഏകോപിപ്പിക്കും: തൊഴിൽ മന്ത്രി

0
48

 

തൊഴിൽ വകുപ്പിന് കീഴിലുള്ള 16 ക്ഷേമനിധി ബോർഡുകളുടെയും പ്രവർത്തനം ഏകോപിപ്പിക്കുമെന്ന് തൊഴിലും പൊതുവിദ്യാഭ്യാസവും വകുപ്പു മന്ത്രി വി.ശിവൻകുട്ടി. മന്ത്രിയുടെ ചേംബറിൽ ചേർന്ന തൊഴിൽവകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകനയോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

ക്ഷേമനിധി ബോർഡുകളിൽ ഇരട്ട അംഗത്വം ഒഴിവാക്കുന്നതിന് ഉദ്യോഗസ്ഥർ നടപടികൾ സ്വീകരിക്കണം. ഇതിനായി ക്ഷേമനിധി ബോർഡുകളിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന തൊഴിലാളികളുടെ വിവര ശേഖരണം നടത്തുന്നതിനും മന്ത്രി നിർദേശം നൽകി.

ക്ഷേമനിധി ബോർഡുകളിൽ അർഹതപ്പെട്ടവർക്ക് ആനുകൂല്യം ഉറപ്പാക്കണം. ബോർഡുകൾ വഴി നൽകുന്ന ആനുകൂല്യങ്ങൾ സംബന്ധിച്ച് തൊഴിലാളികളിൽ അവബോധമുണ്ടാക്കണം. അംഗത്വം വർധിപ്പിക്കുന്നതിനായി വിവിധ ക്ഷേമനിധി ബോർഡുകളുമായി ആലോചിച്ച് കാമ്പയിനുകളും സ്‌പെഷ്യൽ ഡ്രൈവുകളും നടത്തുമെന്നും മന്ത്രി പറഞ്ഞു.

തൊഴിൽ വകുപ്പ് ഓഫീസുകൾ തൊഴിലാളി സൗഹൃദമാക്കണമെന്നതാണ് സർക്കാരിന്റെ നിലപാട്. ഇതിന് അനുസൃതമായ നടപടികൾ സ്വീകരിക്കുന്നതിന് തയാറാകണം. ലഭിക്കുന്ന പരാതികളിലും അപേക്ഷകളിലും പ്രതിദിന നടപടികൾ സ്വീകരിക്കുന്നതിന് ഉദ്യോഗസ്ഥർ ജാഗ്രത കാണിക്കണം.

പൊതുജനങ്ങൾ പരാതികളും അപേക്ഷകളും നൽകിയാൽ ഉടനടി പരിഹരിക്കപ്പെടും എന്ന ബോധ്യം ഉറപ്പു വരുത്താൻ ഓഫീസുകൾക്ക് കഴിയണം. രജിസ്‌ട്രേഷൻ, രജിസ്‌ട്രേഷൻ പുതുക്കൽ ഉൾപ്പെടെ അപേക്ഷ ലഭിക്കുന്ന ദിനത്തിൽ തീർപ്പുകൽപ്പിക്കാൻ നടപടികൾ സ്വീകരിക്കുന്നത് സംസ്ഥാനത്തിന്റെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസിന് കരുത്താകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

സർക്കാരിന്റെ നയങ്ങൾ ഉത്തരവാദിത്തത്തോടെ നടപ്പാക്കേണ്ടവരാണ് ഉദ്യോഗസ്ഥർ. തൊഴിൽവകുപ്പിന്റെ പരിശോധനകൾ ഒരിക്കലും ബോധപൂർവ്വം ആരെയും ദ്രോഹിക്കുന്ന സമീപനമുള്ളതാകരുത്.

പരിശോധനകൾ നിയമത്തിന്റെ പിൻബലമുള്ളതായിരിക്കണം. തൊഴിൽ നിയമങ്ങൾ കൃത്യമായി നടപ്പിലാക്കാൻ ശ്രദ്ധ പുലർത്തണം. കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമായി നിലനിൽക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് പോകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഗ്രാറ്റുവിറ്റി സംബന്ധമായതുൾപ്പെടെയുള്ള കേസുകൾ സമയബന്ധിതമായി തീർപ്പുകൽപ്പിക്കണം. സർക്കാർ പ്രഖ്യാപിച്ച 100 ദിന കർമ്മ പദ്ധതികൾ അടിയന്തരമായി പൂർത്തീകരിക്കണമെന്നും മന്ത്രി നിർദേശിച്ചു. റീജണൽ തലത്തിൽ തൊഴിൽവകുപ്പു ജീവനക്കാരുടെ പ്രവർത്തി അവലോകനം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

യോഗത്തിൽ ലേബർ കമ്മീഷണർ ഡോ. എസ്.ചിത്ര സ്വാഗതം ആശംസിച്ചു. അഡീഷണൽ ലേബർ കമ്മീഷണർമാർ, റീജണൽ ജോയിന്റ് ലേബർ കമ്മീഷണർമാർ, ജില്ലാ ലേബർ ഓഫീസർമാർ ഉൾപ്പെടെയുള്ള ജീവനക്കാരും പങ്കെടുത്തു.