സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങളെ സമൂഹം ഒറ്റക്കെട്ടായി ചെറുക്കണം: സുധ സുന്ദർരാമൻ

0
34

 

സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങളെ സമൂഹം ഒറ്റക്കെട്ടായി ചെറുക്കണമെന്ന്‌ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം സുധ സുന്ദർരാമൻ പറഞ്ഞു. സിപിഐ എം സംഘടിപ്പിക്കുന്ന സ്‌ത്രീപക്ഷ കേരളം ക്യാമ്പയിനിൽ സംസാരിക്കുകയായിരുന്നു അവർ. സ്‌ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ അവരുടേത്‌ മാത്രമല്ല. മറിച്ച്‌ സമൂഹത്തെ ആകെ ബാധിക്കുന്നതാണ്‌.

കോവിഡ്‌ കാലം പലതരം പ്രശ്‌നങ്ങൾ ജനജീവിതത്തിൽ സൃഷ്ടിച്ചിട്ടുണ്ട്‌. ഗാർഹിക പീഡനങ്ങളടക്കം വർധിച്ചു. ഇത്‌ ഗൗരവത്തിലെടുക്കണം. അതിക്രമങ്ങൾക്കെതിരെ സത്വരവും കാര്യക്ഷമവുമായ നടപടി പൊലീസിന്റെ ഭാഗത്ത്‌ നിന്നുണ്ടാകുക എന്നത്‌ പ്രധാനമാണ്‌. സമയബന്ധിതമായി നീതി ഉറപ്പാക്കണം. സമീപനത്തിൽ മുൻവിധിയുണ്ടാകരുത്‌. എന്നാൽ മാത്രമേ നീതിന്യായ വ്യവസ്ഥയിൽ വിശ്വാസം വർധിക്കൂ; സ്‌ത്രീകളും കുട്ടികളും പരാതിയുമായി മുന്നോട്ട്‌ വരൂ.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പൊലീസിനെയും അധികാര കേന്ദ്രങ്ങളെയും കാണുന്നത്‌ ഭയത്തോടെയാണ്‌. പരാതി നൽകാൻപോലും സ്‌ത്രീകൾക്ക്‌ കഴിയുന്നില്ല. എന്നാൽ, കേരളത്തിൽ ഇത്തരം സംഭവങ്ങളിൽ എഫ്‌ഐആർ ഇടുന്നതുമുതൽ നീതി ലഭ്യമാക്കുന്നതുവരെയുള്ള നടപടി മാതൃകാപരമാണ്‌. സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങളുടെയും ചൂഷണങ്ങളുടെയും വേരുകൾ പുരുഷകേന്ദ്രീകൃത, മൂലധന വ്യവസ്ഥിതികളുമായും ബന്ധപ്പെട്ടിരിക്കുന്നു. ആർഎസ്‌എസും ബിജെപിയും സ്‌ത്രീ, ഭരണഘടനാ വിരുദ്ധ മനോഭാവങ്ങളെയും വിശ്വാസങ്ങളെയും ശക്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്നും സുധ സുന്ദർരാമൻ പറഞ്ഞു.