തലസ്ഥാന നഗരിയിലെ വെള‌ളക്കെട്ടിന് കാരണം വ്യാപക കയ്യേറ്റങ്ങള്‍; സ്ഥലങ്ങൾ നേരില്‍ കണ്ട് മന്ത്രിമാർ

0
28

തലസ്ഥാന നഗരത്തിലെ വെള‌ളക്കെട്ടിനിടയാകുന്ന പ്രദേശങ്ങള്‍ സന്ദര്‍ശിച്ച്‌ മന്ത്രിമാരുടെ സംഘം. വെള‌ളം ഒഴുകിപ്പോകേണ്ട തോടുകള്‍ വ്യാപകമായി കൈയേറിയതാണ് തലസ്ഥാന നഗരിയില്‍ വെള‌ളക്കെട്ടിന് ഒരു പരിധിവരെ കാരണമാകുന്നതെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. വെള‌ളക്കെട്ട് തലസ്ഥാന ജില്ലയുടെ മാത്രം പ്രശ്‌നമല്ലെന്നും കേരളമാകെ ഇത്തരം പ്രശ്‌നമുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

പൊതുമരാമത്ത് വകുപ്പിന്റെ ഭൂമിയടക്കം കൈയേറ്റ സ്ഥലങ്ങൾ അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനിച്ചു. കൈയേറ്റം നടത്തിയവര്‍ക്കെതിരെ മുഖംനോക്കാതെ നടപടിയാകും ഉണ്ടാകുകയെന്നും മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.

മന്ത്രിമാരുടെയും മേയറുടേയും നേതൃത്വത്തിലുള്ള സംഘം നഗരത്തിൽ സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടുന്ന സ്ഥലങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. മഴവെള്ളം പ്രധാനമായും ഒഴുകിപ്പോവേണ്ട ആമയിഴഞ്ചാൻ തോടിനെ പൂർണ്ണമായും നവീകരിക്കുകയാണ് ലക്ഷ്യം.

പട്ടം, ഉള്ളൂർ, പഴവങ്ങാടി എന്നിവടങ്ങളിലെ ഉൾപ്പടെ നഗരത്തിലെ വിവിധ തോടുകളുടെ നവീകരണത്തിനായി 4 കോടി 15 ലക്ഷം രൂപയും മാറ്റിവയ്ക്കും. ഇതിന്റെ പ്രാരംഭ നടപടികള്‍ക്കായി 45 ലക്ഷം രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു. മന്ത്രിമാരായ മുഹമ്മദ് റിയാസ്, ആന്റണി രാജു, റോഷി അഗസ്‌റ്റിന്‍ എന്നിവരാണ് വിവിധയിടങ്ങള്‍ സന്ദര്‍ശിച്ചത്. മേയര്‍ ആര്യാ രാജേന്ദ്രനും കോര്‍പറേഷനിലെ വിവിധ ഉദ്യോഗസ്ഥരും സംഘത്തോടൊപ്പമുണ്ടായിരുന്നു.