വിസ്മയയുടെ മരണം; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഇന്ന് ലഭിക്കും, കൊലപാതകമെന്ന് സഹോദരനും പിതാവും

0
22

 

കൊല്ലത്ത് വിസ്മയ എന്ന പെൺകുട്ടിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കിരണിന്റെ അറസ്റ്റ് ഇന്ന് പോലീസ് രേഖപ്പെടുത്തും. ഇന്നലെ രാത്രിയോടെയാണ് കിരൺകുമാർ ശൂരനാട് പൊലീസിനു മുന്നിൽ കീഴടങ്ങിയത്. വിസ്മയയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഇന്ന് ലഭിക്കും.

വിസ്മയയുടെ മരണം ആത്മഹത്യയല്ലെന്നും, കൊന്ന് കെട്ടിത്തൂക്കിയതാണെന്നും കുടുംബം ആരോപിച്ചിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിക്കുന്നതോടെ മരണകാര്യത്തിൽ വ്യക്തത വരും. ഗാർഹിക പീഡന നിയമപ്രകാരമുള്ള കേസ് കിരണിനെതിരെ ചുമത്തുമെന്നാണ് സൂചന. വിസ്മയയുടെ മരണ കാരണം വ്യക്തമാക്കുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ഇന്ന് പൊലീസിന് ലഭിക്കും.

വിസ്മയയുടെ നിലമേലിലെ വീട്ടിൽ വനിത കമ്മിഷൻ അംഗം ഷാഹിദ കമാൽ ഇന്ന് സന്ദർശനം നടത്തും. സംഭവത്തിൽ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുക്കുകയും കൊല്ലം റൂറൽ എസ്.പിയോട് റിപ്പോർട്ട് തേടുകയും ചെയ്തിട്ടുണ്ട്.ഇന്നലെ പുലർച്ചെയാണ് ഇരുപത്തിനാലുകാരിയായ വിസ്മയയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

മരണത്തിന് മുൻപ് യുവതിയ്ക്ക് ക്രൂര മർദ്ദനമേറ്റിരുന്നു. ഇതിന്റെ ചിത്രങ്ങൾ വിസ്മയ സഹോദരന് വാട്‌സാപ്പിൽ അയച്ചുകൊടുത്തിരുന്നു. ഇതിനു പിന്നാലെയാണ് പുലർച്ചെ അഞ്ചു മണിയോടെ വിസ്മയ മരിച്ചെന്ന വിവരം കുടുംബം അറിഞ്ഞത്.