ക്രിസ്റ്റ്യൻ എറിക്സൺ അപകട നില തരണം ചെയ്തു ; സന്തോഷം നല്‍കാന്‍ ഡെന്‍മാര്‍ക്ക് താരങ്ങള്‍ക്ക് സാധിച്ചില്ല

0
13

യൂറോ കപ്പ് ഫുട്ബോളിൽ ഫിൻലൻഡിനെതിരായ മത്സരത്തിൽ ഗ്രൗണ്ടിൽ കുഴഞ്ഞുവീണ ഡെൻമാർക്ക് താരം ക്രിസ്റ്റ്യൻ എറിക്സൺ അപകട നില തരണം ചെയ്തു.താരത്തെ പ്രാഥമിക ശുശ്രൂഷകള്‍ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്ക് വേണ്ടി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എറിക്സണ്‍ അപകടനില തരണം ചെയ്തതായി യുവേഫ അറിയിച്ചു.

ക്രിസ്റ്റ്യൻ എറിക്സൺ മൈതാനത്ത് കുഴഞ്ഞുവീണതിനെ തുടർന്ന് യൂറോ കപ്പിൽ ഗ്രൂപ്പ് ബിയിലെ ഡെൻമാർക്ക് – ഫിൻലൻഡ് മത്സരം റദ്ദാക്കിയതായി അറിയിപ്പ് വന്നെങ്കിലും ഇരു ടീമിലെയും താരങ്ങളുടെ അഭ്യർഥനയെ തുടർന്ന് മത്സരം പുനരാരംഭിക്കാൻ തീരുമാനമായി.

യൂറോ കപ്പില്‍ ഗ്രൂപ്പ് ബിയില്‍ നടന്ന മത്സരത്തില്‍ ഡെന്‍മാര്‍ക്കിനെതിരേ ഫിന്‍ലന്‍ഡിന് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് ഫിന്‍ലന്‍ഡ് ഡെന്‍മാര്‍ക്കിനെ മറികടന്നത്. മത്സരത്തില്‍ എറിക്‌സണെ സന്തോഷിപ്പിക്കുന്ന വാര്‍ത്ത നല്‍കാന്‍ ഡെന്‍മാര്‍ക്ക് താരങ്ങള്‍ക്ക് സാധിച്ചില്ല. മത്സരത്തിലുടനീളം മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഫിനിഷിങ്ങിലെ പിഴവാണ് അവര്‍ക്ക് തിരിച്ചടിയായത്.

60-ാം മിനിറ്റില്‍ ജോയല്‍ പൊയന്‍പാലോയാണ് ഫിന്‍ലന്‍ഡിന്റെ വിജയ ഗോള്‍ നേടിയത്.