ലോക്​ഡൗണില്‍ യെദിയൂരപ്പയുടെ മക‍ന്‍റെ ക്ഷേത്രദര്‍ശനം, റിപ്പോര്‍ട്ട് തേടി ഹൈക്കോടതി, നിയമം എല്ലാവർക്കും ബാധകമെന്നും കോടതി

0
38

കോവിഡ് വ്യാപനത്തെതുടർന്ന് കർണാടകത്തിൽ സമ്പൂർണ ലോക്ക്ഡൗൺ നിലനിൽക്കെ, മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ മകനും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റുമായ ബി വൈ വിജയേന്ദ്ര കുടുംബസമേതം ക്ഷേത്രദര്‍ശനം നടത്തിയ സംഭവത്തില്‍ കർണാടക ഹൈക്കോടതി റിപ്പോർട്ട് തേടി. വിഷയത്തിൽ ഈ മാസം 18 നു മുമ്പ് അന്വേഷണറിപ്പോര്‍ട്ട് സമർപ്പിക്കാനും കോടതി നിർദ്ദേശിച്ചു.

ക്ഷേത്ര ദര്‍ശനവുമായി ബന്ധപ്പെട്ട് മൈസൂരു ഡെപ്യൂട്ടി കമീഷണര്‍ നടത്തിയ പ്രാഥമികാന്വേഷണത്തിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ചീഫ് ജസ്​റ്റിസ് അഭയ് ശ്രീനിവാസ് ഒക്ക, ജസ്​റ്റിസ് സൂരജ് ഗോവിന്ദ് രാജ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് സര്‍ക്കാറിനോട് നിര്‍ദേശിച്ചത്. ലോക്​ഡൗണ്‍ ലംഘിച്ച് മെയ് 18 നാണ് ബംഗളൂരുവില്‍നിന്ന് മൈസൂരുവിലെത്തി നഞ്ചന്‍കോടിലെ ശ്രീകണ്ഠേശ്വര സ്വാമി ക്ഷേത്രത്തില്‍ വിജയേന്ദ്രയും ഭാര്യയും കുടുംബസമേതം ദർശനം നടത്തിയത്. വിജയേന്ദ്ര നടത്തിയ ക്ഷേത്രദർശനം വലിയ വിവാദമായിരുന്നു. തുടർന്നാണ് മൈസൂരു ഡെപ്യൂട്ടി കമീഷണര്‍ അന്വേഷണം നടത്തിയത്.

നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണെന്നും രണ്ട് കൂട്ടർക്ക് രണ്ട് നിയമം അല്ലെന്നും കോടതി നിരീക്ഷിച്ചു. സംസ്ഥാനത്ത് ജനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ എല്ലാ നിയമവും പൊതുജനങ്ങൾക്കെന്ന പോലെ രാഷ്​​ട്രീയക്കാര്‍ക്കും ബാധകമാണ്. ചിലർക്ക് നിയമത്തിൽ ഇളവ് അനുവദിക്കുക എന്നത് ശരിയല്ല. ലോക്​ഡൗണ്‍ നിയന്ത്രണം നിലനില്‍ക്കെ രാഷ്​​ട്രീയക്കാര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുകയും പൗരന്മാരെ അതില്‍ നിന്ന് വിലക്കുകയും ചെയ്യുന്നത് തെറ്റായ സന്ദേശം നല്‍കും. ലോക്​ഡൗണില്‍ ക്ഷേത്ര ദര്‍ശനത്തിന് വിലക്കുണ്ടെന്നിരിക്കെ എന്തുകൊണ്ട് വിജയേന്ദ്രയെ പോലെയുള്ള രാഷ്ട്രീയനേതാക്കൾക്കെന്ന പോലെ സാധാരണ ജനങ്ങള്‍ക്ക് ക്ഷേത്ര ദര്‍ശനം നടത്താനാകുന്നില്ലെന്ന് ഡിവിഷൻ ബെഞ്ച് ചോദിച്ചു. റിപ്പോര്‍ട്ട് ലഭിച്ചശേഷം കേസില്‍ ഉത്തരവിറക്കുമെന്നും കോടതി പറഞ്ഞു.

പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി രണ്ടു തവണ സര്‍ക്കാറില്‍നിന്ന് വിശദീകരണം തേടിയിരുന്നു. ക്ഷേത്രദര്‍ശനം നടത്തിയെന്ന് സമ്മതിച്ച് ബി വൈ വിജയേന്ദ്ര മൈസൂരു ഡെപ്യൂട്ടി കമീഷണര്‍ക്ക് മറുപടി നൽകിയിരുന്നു. ആംബുലന്‍സ് ഉദ്ഘാടനത്തിനെത്തിയ താന്‍ ഒറ്റക്കാണ് ക്ഷേത്ര ദര്‍ശനം നടത്തിയതെന്നും കുടുംബത്തോടൊപ്പമല്ലെന്നുമാണ് അഡ്വക്കറ്റ് ജനറല്‍ കോടതിയെ അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ചിത്രം 2018 ലേതാണെന്നുമായിരുന്നു വാദം. കേസ് ജൂണ്‍ 18ന് വീണ്ടും പരിഗണിക്കും.