കുഴൽപ്പണ കേസ് ബിജെപിയെ നാറ്റിച്ചു, ഉത്തരവാദി കെ സുരേന്ദ്രൻ, ബിജെപി കോർകമ്മിറ്റി യോഗത്തിൽ ആഞ്ഞടിച്ച് കൃഷ്ണദാസ് പക്ഷം

0
117

കൊടകര കുഴൽപ്പണ കേസ് ബിജെപിയുടെ പ്രതിച്ഛായ തകർത്തുവെന്നും പാർട്ടിയെയും സംഘപരിവാർ നേതൃത്വത്തെയും ഇക്കാര്യം നാറ്റിച്ചുവെന്നും ബിജെപി കോർകമ്മിറ്റി യോഗത്തിൽ വിമർശനം. സ്ഥാനാർഥി നിർണയം മുതൽ സുരേന്ദ്രനും ഒരു വിഭാഗം നേതാക്കളും ഏകപക്ഷീയ നിലപാടാണ് സ്വീകരിച്ചതെന്നും കടുത്ത വിമർശനം ഉയർന്നു. കോർകമ്മിറ്റി യോഗത്തിൽ സുരേന്ദ്രനെതിരെ അതിശകതമായ ആക്രമണമാണ് കൃഷ്ണദാസ് പക്ഷം തൊടുത്തുവിട്ടത്.

ഓരോ ദിവസവും ബിജെപി നേതാക്കൾക്കും പ്രത്യേകിച്ച് കെ സുരേന്ദ്രനുമെതിരെ തെളിവുകൾ സഹിതം വെളിപ്പെടുത്തലുകൾ പുറത്തുവരികയാണ്. പൊതുപ്രവർത്തകർ എന്ന നിലയിൽ തല ഉയർത്തി നടക്കാൻ കഴിയാത്ത അവസ്ഥയാണ്. ഇതിന്റെ കാരണക്കാരൻ കെ സുരേന്ദ്രൻ തന്നെയാണ്. സുരേന്ദ്രൻ ഏകപക്ഷീയമായാണ് എല്ലാ തീരുമാനവും എടുത്തത്. ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം കേൾക്കാൻ പോലും കൂട്ടാക്കിയില്ല. കോടികൾ തെരഞ്ഞെടുപ്പ് ഫണ്ടായി ലഭിച്ചപ്പോൾ ഇതല്ലാം ഒറ്റക്ക് കൈകാര്യം ചെയ്തത് സംസ്ഥാന പ്രസിഡന്റാണ്. പലയിടത്തും ഫണ്ട് കിട്ടിയില്ലെന്ന് പ്രചാരണ സമയത്തുതന്നെ പ്രവർത്തകർ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനു നേതൃത്വം മറുപടി പറഞ്ഞെ പറ്റു- . – കൃഷ്ണദാസ് പക്ഷം ആഞ്ഞടിച്ചു.

സുരേന്ദ്രൻ രണ്ടിടത്ത് മത്സരിച്ചത് തോൽവിക്ക് കാരണമായി എന്ന് മാത്രമല്ല, സംസ്ഥാനത്തെ തോൽവിയുടെ ആഘാതം കൂട്ടുകയും ചെയ്തു. പാർട്ടിയിൽ താഴെത്തട്ട് മുതൽ സംസ്ഥാനതലം വരെ സമഗ്ര അഴിച്ചുപണി വേണം. സ്വന്തക്കാരെയും പിണിയാളുകളെയും മാത്രം പലയിടങ്ങളിലും ഉൾപ്പെടുത്തുന്ന രീതി അവസാനിപ്പിക്കണം. വന്ന ഫണ്ടെല്ലാം ഒറ്റക്ക് കൈകാര്യം ചെയ്തു. ഒരു മുതിർന്ന നേതാവിനെ പോലും ഇക്കാര്യത്തിൽ അടുപ്പിച്ചില്ല.

എന്നിട്ടിപ്പോൾ എല്ലാവരും ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പറയുന്നത് നല്ല കാര്യമല്ലെന്ന് കൃഷാൻദാസിനെ അനുകൂലിക്കുന്നവർ തുറന്നടിച്ചു.അതേസമയം സുരേന്ദ്രനെ പ്രതിരോധിക്കുന്ന നിലപാടുകളുമായാണ് മുരളീധര- സുരേന്ദ്രൻ പക്ഷം സംസാരിച്ചത്. സംസ്ഥാന പ്രസിഡന്റിനായി പ്രതിരോധം തീർക്കാൻ ചില നേതാക്കളാക്കി മടിയാണെന്നും അത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്നും മുരളീധര പക്ഷം പറഞ്ഞു. മെഡിക്കൽ കോളേജ് കോഴ വന്നപ്പോൾ എല്ലാവരും ഒന്നിച്ചുനിന്നു. എന്നാലിപ്പോൾ ചില നേതാക്കൾ നേതൃത്വത്തിന് തുരങ്കം വെക്കുന്ന നിലപാടാണ് കൈക്കൊള്ളുന്നതെന്നും മുരളീധര പക്ഷം പറഞ്ഞു.