ടൗട്ടെ ചുഴലിക്കാറ്റ്; മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് ധനസഹായം നൽകുമെന്ന് സർക്കാർ

0
43

 

ടൗട്ടെ ചുഴലിക്കാറ്റിനെ തുടർന്നു മത്സ്യബന്ധനത്തിനു നിരോധനം ഏർപ്പെടുത്തിയ ആറു ദിവസം തൊഴിൽ നഷ്ടപ്പെട്ട സാഹചര്യത്തിൽ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കു സഹായധനം നൽകുമെന്ന് സർക്കാർ.

മേയ് 13 മുതൽ 18 വരെ ആറു ദിവസം കേരള തീരത്ത് മത്സ്യബന്ധനത്തിന് നിരോധനം ഏർപ്പെടുത്തിയിരുന്നു. ഈ ആറു ദിവസം മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകാൻ കഴിഞ്ഞിരുന്നില്ല. തൊഴിൽ നഷ്ടപ്പെട്ട ആ കാലയളവിലേക്ക് അവർക്ക് ഒരു സഹായധനം നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുകയാണെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ അറിയിച്ചു.

സംസ്ഥാന ദുരന്ത നിവാരണ ആശ്വാസ നിധിയിൽ നിന്നും രജിസ്റ്റർ ചെയ്ത 1,24,970 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കും രജിസ്റ്റർ ചെയ്ത 28,070 അനുബന്ധ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കും ദിവസേന 200 രൂപ വീതം ആറു ദിവസത്തേക്ക് 1,200 രൂപ നൽകാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. വൈകാതെ തന്നെ മത്സ്യതൊഴിലാളി കുടുംബങ്ങൾക്ക് ഈ തുക വിതരണം ചെയ്തു തുടങ്ങുമെന്നു മന്ത്രി അറിയിച്ചു.