വൈദ്യുത വാഹനങ്ങളും വൈദ്യുതി ഉപയോഗിച്ചുള്ള പാചകരീതിയും പ്രചാരത്തിലാകേണ്ടത് കാലത്തിന്റെ അനിവാര്യത- മുഖ്യമന്ത്രി

0
65

 

പെട്രോളിയം ഇന്ധനങ്ങൾക്കുള്ള അമിത ആശ്രയത്വം കുറയ്ക്കുന്നതിനായി വൈദ്യുത വാഹനങ്ങളും വൈദ്യുതി ഉപയോഗിച്ചുള്ള പാചകരീതിയും പ്രചാരത്തിൽ കൊണ്ടുവരേണ്ടത് കാലത്തിന്റെ അനിവാര്യതയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

എനർജി മാനേജ്മെൻറ് സെൻററിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ‘ഗോ ഇലക്ട്രിക്’ പ്രചാരണ പരിപാടിയോടനുബന്ധിച്ച് നൽകിയ സന്ദേശത്തിലാണ് മുഖ്യമന്ത്രി ഇങ്ങനെ അഭിപ്രായപ്പെട്ടത്.

വായു മലിനീകരണം കുറയ്ക്കുന്നതിനും ആഗോളതാപനത്തെയും കാലാവസ്ഥാ വ്യതിയാനത്തെയും പ്രതിരോധിക്കാനും വൈദ്യുത വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി എനർജി മാനേജ്മെൻറ് സെൻററിന്റെ നേതൃത്വത്തിൽ ‘ഗോ ഇലക്ട്രിക്’ പ്രചാരണ പരിപാടി പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിനാണ് തുടക്കം കുറിക്കുന്നത്.

അക്ഷയോർജ സ്രോതസ്സുകളിൽനിന്നുള്ള വൈദ്യുതി ഉത്പാദനം ദേശീയ, സംസ്ഥാനതലങ്ങളിൽ വർധിച്ചുവരുന്ന സാഹചര്യമാണുള്ളത്. ഇത് സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ ഇടമായി നമ്മുടെ നാടിനെ മാറ്റുമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഗോ ഇലക്ട്രിക് കാമ്പയിനിലൂടെ 2019ലെ സംസ്ഥാന വൈദ്യുത വാഹന നയത്തിന്റെ ലക്ഷ്യപ്രാപ്തിയിലേക്ക് കേരളം ഒരുപടി കൂടി അടുക്കുകയാണ്.

ഇതിന്റെ ഭാഗമായി വൈദ്യുതി ഉപയോഗിച്ചുള്ള പാചകരീതിയുടെ പ്രചാരണം നടത്തുകയാണ്. സ്ത്രീകളുടെ ഗാർഹിക ജോലിഭാരം കുറയ്ക്കാൻ ലക്ഷ്യമിട്ട് സർക്കാർ നടപ്പാക്കുന്ന സ്മാർട്ട് കിച്ചൻ പദ്ധതിയെ ത്വരിതപ്പെടുത്താൻ സഹായകവുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വൈദ്യുതി ഉത്പാദനത്തിനുമേൽ ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കാൻ സുസ്ഥിരവികസനം മുൻനിർത്തിയുള്ള ഊർജ്ജകാര്യക്ഷമതാ പദ്ധതികൾക്കും അക്ഷയോർജ്ജ പദ്ധതികൾക്കും സർക്കാർ ഊന്നൽ നൽകിവരികയാണെന്ന് ഊർജ്ജവകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു.

വൈദ്യുതി വാഹനങ്ങൾക്കുള്ള ചാർജിംഗ് ഉൾപ്പെടെയുള്ള പശ്ചാത്തല സംവിധാനങ്ങൾ ഒരുക്കുന്നതിനും വാഹനങ്ങളുടെ ഭാഗങ്ങൾ സംസ്ഥാനത്ത് തന്നെ നിർമിക്കുന്നതിനും ചെറുകിട സംരംഭങ്ങളെയും കാർഷികരംഗത്തെയും പ്രാപ്തമാക്കുന്നതിലൂടെ ഊർജകാര്യക്ഷമത വർധിപ്പിക്കുന്നതിന് സർക്കാർ ലക്ഷ്യമിടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഇലക്ട്രിക് വാഹനങ്ങളിലേക്ക് പോകുന്നതാണ് ഇന്നത്തെ സാഹചര്യത്തിൽ അഭികാമ്യമെന്ന് ഗതാഗതമന്ത്രി ആൻറണി രാജു പറഞ്ഞു. മലിനീകരണം നമ്മൾ ആഗ്രഹിക്കുന്ന വിധത്തിൽ നിയന്ത്രിക്കാനാവാത്തതിന്റെ പ്രതിവിധി എന്ന നിലയ്ക്കാണ് വൈദ്യുതവാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്ന നയം സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘ഗോ ഇലക്ട്രിക്’ പ്രചാരണ പരിപാടിയോടനുബന്ധിച്ച്് ഈ വിഷയത്തിൽ എല്ലാ ബുധനാഴ്ചകളിലും വെബിനാറുകൾ നടത്തും. വിപുലമായ മറ്റു പ്രചാരണ പരിപാടികളും ലക്ഷ്യമിടുന്നുണ്ട്.

പെട്രോൾ, ഡീസൽ വാഹനങ്ങൾക്കു പകരം വായു മലിനീകരണം തീരെ ഇല്ലാത്ത വൈദ്യുത വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് വൈദ്യുത വാഹന നയം സർക്കാർ രൂപീകരിച്ചിട്ടുണ്ട്. പാചകത്തിനുപയോഗിക്കുന്ന ഇന്ധനങ്ങൾ ലാഭിക്കുക എന്ന ലക്ഷ്യത്തോടെ വൈദ്യുതി ഉപയോഗിച്ചുള്ള പാചകവും പ്രോത്സാഹിപ്പിക്കുന്നുണ്ട്.