ഒത്തുകളി വിവാദം; റഷ്യന്‍ താരം യാന സിസികോവ അറസ്റ്റില്‍

0
22

 

ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റിനിടെ ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് ഒരു വനിതാ താരം അറസ്റ്റില്‍. റഷ്യന്‍ താരം യാന സിസികോവയാണ് അറസ്റ്റിലായത്.

കഴിഞ്ഞ വര്‍ഷത്തെ ഫ്രഞ്ച് ഓപ്പണിനിടെ നടന്ന ഒരു ഡബിള്‍സ് മത്സരത്തില്‍ സിസികോവ ഒത്തുകളിച്ചതായി വ്യക്തമായ സാഹചര്യത്തിലാണ് അറസ്റ്റ്. ഇത്തവണ സിസികോവ ഉള്‍പ്പെട്ട സഖ്യം ആദ്യ റൗണ്ടില്‍ തോറ്റ് പുറത്തായിരുന്നു.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ നടന്ന ഫ്രഞ്ച് ഓപ്പണില്‍ വനിതാ വിഭാഗത്തിലെ ഒരു ഡബിള്‍സ് മത്സരത്തില്‍ ഒത്തുകളി നടന്നതായി ആരോപണം ഉയര്‍ന്നിരുന്നു. സിസികോവ- യുഎസ് താരം മാഡിസന്‍ ബ്രെംഗിള്‍ സഖ്യവും റുമാനിയന്‍ താരങ്ങളായ ആന്‍ഡ്രിയ മിട്ടു – പട്രീഷ്യ മാരി സഖ്യവും തമ്മിലുള്ള മത്സരത്തിലാണ് ഒത്തുകളി ആരോപണം ഉയര്‍ന്നത്.

ഈ മത്സരവുമായി ബന്ധപ്പെട്ട് ഫ്രാന്‍സിനു പുറത്ത് വിവിധ രാജ്യങ്ങളില്‍ വന്‍തോതില്‍ വാതുവയ്പ് നടന്നതോടെയാണ് സംശയം ഉടലെടുത്തത്. ഇതേക്കുറിച്ച് പിന്നീട് പരാതിയും ഉയര്‍ന്നു. മത്സരത്തില്‍ സിസികോവ ചില ‘അസാധാരണ പിഴവു’കള്‍ വരുത്തിയതായി അന്വേഷണത്തില്‍ വ്യക്തമായിരുന്നു.