ഏറ്റവും ത്യാഗോജ്ജ്വലമായ ഓർമ്മയാണ് സിസ്റ്റർ ലിനി : ആരോഗ്യമന്ത്രി വീണാ ജോർജ്‌

0
36

 

കേരളത്തെ ഭീതിയിലാക്കിയ നിപ്പാ കാലത്ത് സ്വന്തം ജീവൻ ത്യജിച്ച് രോഗി പരിചരണത്തിന്റെ മഹത്തായ സേവന സന്ദേശം നൽകിയ ലിനിയെ മലയാളിക്ക് മറക്കാനാവില്ലെന്ന്‌ ആരോഗ്യമന്ത്രി വീണാ ജോർജ്‌. കോവിഡ് മഹാമാരിയുടെ കാലത്ത് സ്വന്തം ജീവൻ പണയപ്പെടുത്തി നാടിനെ സേവിക്കുന്ന മുഴുവൻ ആരോഗ്യ പ്രവർത്തകർക്കും ലിനിയുടെ ജീവിതം ആവേശമാണ്.

പകർച്ചവ്യാധികൾക്കെതിരായ മുന്നണി പോരാട്ടത്തിൽ ഏറ്റവും ത്യാഗോജ്ജ്വലമായ ഓർമ്മയാണ് സിസ്റ്റർ ലിനിയെന്നും ലിനിയുടെ ഓർമദിവസമായ ഇന്ന്‌ മന്ത്രി ഫേസ്‌ബുക്ക്‌ പോസ്‌റ്റിൽ പറഞ്ഞു

പോസ്‌റ്റ്‌ ചുവടെ

ധീരമായ ഓർമ്മകൾ ശേഷിപ്പിച്ച് സിസ്റ്റർ ലിനി നമ്മെ വിട്ടിപിരിഞ്ഞിട്ട് മൂന്ന് വർഷം. പകർച്ചവ്യാധികൾക്കെതിരായ മുന്നണി പോരാട്ടത്തിൽ ഏറ്റവും ത്യാഗോജ്ജ്വലമായ ഓർമ്മയാണ് സിസ്റ്റർ ലിനി.

ലിനിയുടെ ഭർത്താവ് സജീഷിനെ രാവിലെ വിളിച്ചിരുന്നു. ചക്കിട്ടപ്പാറ പഞ്ചായത്തിലെ സാമൂഹ്യ അടുക്കളയിലേക്ക് ആവശ്യമായ എല്ലാ ആഹാര സാധനങ്ങളും ഇന്ന് ആ കുടുംബം നൽകുകയാണ്. ലിനിയുടെ ഓർമ്മ ദിവസം ഏറ്റവും മാതൃകാപരമായി തന്നെയാണ് ആ കുടുംബം ആചരിക്കുന്നത്.

കേരളത്തെ ഭീതിയിലാക്കിയ നിപ്പാ കാലത്ത് സ്വന്തം ജീവൻ ത്യജിച്ച് രോഗി പരിചരണത്തിന്റെ മഹത്തായ സേവന സന്ദേശം നൽകിയ ലിനിയെ മലയാളിക്ക് മറക്കാനാവില്ല .2018 മെയ് 21ന് കോഴിക്കോട് ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചായിരുന്നു ലിനിയുടെ മരണം. നിപ്പാ രോഗം പകർന്നുവെന്നു സംശയം ഉണ്ടായപ്പോൾ സഹപ്രവർത്തകരോടും വീട്ടുകാരോടും ലിനി കാണിച്ച മുൻകരുതൽ ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവർത്തകർക്ക് മാതൃകയാണ്.

മരണം മുന്നിൽ കണ്ടപ്പോഴും മക്കളുൾപ്പെടെയുള്ളവരെ കാണാതെ, ആത്മധൈര്യം കൈവിടാതെ ലിനി രോഗത്തോട് പൊരുതി.കോവിഡ് മഹാമാരിയുടെ കാലത്ത് സ്വന്തം ജീവൻ പണയപ്പെടുത്തി നാടിനെ സേവിക്കുന്ന മുഴുവൻ ആരോഗ്യ പ്രവർത്തകർക്കും ലിനിയുടെ ജീവിതം ആവേശമാണ്. അതി ജാഗ്രതയോടെ ഈ കാലഘട്ടത്തിൽ നമുക്ക് ലിനിയുടെ ഓർമ്മകൾ പുതുക്കാം.. വിശ്രമമില്ലാതെ കരുതലോടെ പ്രവർത്തിക്കുന്ന കേരളത്തിലെ മുഴുവൻ ആരോഗ്യ പ്രവർത്തകരെയും അഭിവാദ്യം ചെയ്യുന്നു.