കല്‍പറ്റ കോൺഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നു, അതൃപ്തിയുമായി പ്രവർത്തകർ

0
38

വയനാട്ടിലെ ഏക ജനറല്‍ സീറ്റായ കല്‍പറ്റയിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നതിൽ അതൃപ്തിയുമായി കോൺഗ്രസ് പ്രവർത്തകർ.

ജില്ലയില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥി തന്നെ വേണമെന്ന മുന്‍ നിലപാട് ഡിസിസി പ്രസിഡന്റ് ആവര്‍ത്തിച്ചപ്പോള്‍ ഇനി മത്സരിക്കാനില്ലെന്നായിരുന്നു കെപിസിസി വൈസ് പ്രസിഡന്റ് കെ.സി. റോസക്കുട്ടി ടീച്ചറുടെ പ്രതികരണം.

ജില്ലയ്ക്ക് പുറത്ത് നിന്നുള്ള സ്ഥാനാര്‍ത്ഥിയെയാണ് ഇന്ന് പ്രഖ്യാപിക്കുന്നതെങ്കില്‍ വലിയ പ്രതിഷേധങ്ങള്‍ പാര്‍ട്ടി നേരിടേണ്ടിവരും.

ഏറെ സസ്പെന്‍സുകള്‍ക്ക് ശേഷം ഇന്ന് കല്‍പറ്റ സീറ്റിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനിരിക്കെ സ്ഥാനാര്‍ത്ഥിത്വം വൈകുന്നതിലും ജില്ലയ്ക്ക് പുറത്തുനിന്നുള്ളയാളെ സ്ഥാനാര്‍ത്ഥിയാക്കിയേക്കുമെന്ന സാഹചര്യത്തിലും വ്യാപക പ്രതിഷേധങ്ങളാണ് പാര്‍ട്ടിയില്‍ അരങ്ങേറുന്നത്. ഹൈക്കമാന്‍ഡ് അംഗീകരിച്ച പട്ടികയിലും ടി. സിദ്ദിഖിന്റെ പേരിനാണ് കല്‍പറ്റയില്‍ മുന്‍തൂക്കം.

എന്നാല്‍ സിദ്ദിഖ് സ്ഥാനാര്‍ത്ഥിയായി എത്തിയാല്‍ കാര്യമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നേക്കാമെന്ന സൂചനകള്‍ മുതിര്‍ന്ന നേതാക്കള്‍ തന്നെ ഇതിനോടകം നല്‍കി കഴിഞ്ഞു. ഇതിനിടെ കല്‍പറ്റയിലേക്ക് ജില്ലയില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥി തന്നെ മത്സരിക്കണമെന്ന മുന്‍ നിലപാട് ഡിസിസി പ്രസിഡന്റ് ഐ.സി. ബാലകൃഷ്ണന്‍ വീണ്ടും ആവര്‍ത്തിച്ചു.