മത്സരിക്കാനില്ലെന്ന്‌ മാനന്തവാടി ബിജെപി സ്ഥാനാർഥി , വെട്ടിലായി സംസ്ഥാന നേതൃത്വം

0
28

നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം ബിജെപിയ്ക്ക് തിരിച്ചടി. ബിജെപി ദേശീയ നേതൃത്വം പ്രഖ്യാപിച്ച വയനാട്ടിലെ മാനന്തവാടി മണ്ഡലത്തിലെ സ്ഥാനാർഥി സി മണികണ്ഠൻ മത്സരത്തിൽ നിന്നും പിൻമാറി.

തൻ്റെ സമ്മതില്ലാതെയാണ് സ്ഥാനാർഥിയാക്കിയതെന്ന് ഞായറാഴ്ച വൈകിട്ട് സ്ഥാനാർഥി പ്രഖ്യാപനം വന്നയുടൻ മണികണ്ഠൻ ചില മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. എന്നാൽ ബിജെപി നേതാക്കൾ ഇടപെട്ട് തീരുമാനം മാറ്റിച്ചു. തുടർന്ന് മത്സരിക്കുമെന്നറിയിച്ച മണികണ്ഠൻ രാത്രി പതിനൊന്നോടെയാണ് മത്സരത്തിൽ നിന്നും പിൻവാങ്ങുന്നതായി അറിയിച്ചത്.

രാഷ്ടീയ താത്പര്യങ്ങളില്ലാത്തയാളാണ് താനെന്ന് മണികൺഠൻ പറഞ്ഞു. തെരഞ്ഞെടുപ്പിലേക്ക് കടക്കാൻ താത്പര്യമില്ലാത്തതിനാലാണ് പിന്മാറുന്നതെന്നും മണികണ്ഠൻ കൂട്ടിച്ചേർത്തു.

പണിയ വിഭാഗത്തിൽ നിന്നുള്ള മണികണ്ഠൻ എംബിഎ ബിരുദധാരിയാണ്. കേരള വെറ്ററിനറി സർവകലാശാലയിൽ ടീച്ചിങ്ങ് അസിസ്റ്റൻ്റായി ജോലി ചെയ്യുകയാണ്. പണിയ വിഭാഗത്തിൽ നിന്നുള്ള യുവാവിനെ സ്ഥാനാർഥിയാക്കിയെന്ന് ബിജെപി ദേശീയ തലത്തിൽ പ്രചാരണം തുടങ്ങി മണിക്കൂറുകൾക്കുള്ളിലാണ് മണികണ്ഠൻ്റെ പിന്മാറ്റം.

മണികണ്ഠന്റെ പിന്മാറ്റം ജില്ലാ, സംസ്ഥാന നേതൃത്വങ്ങൾക്ക് തലവേദനയ്യായിട്ടുണ്ട്. മാനന്തവാടി മണ്ഡലം പട്ടികവർഗ വിഭാഗത്തിന് സംവരണം ചെയ്തതാണ്. എൻഡിഎയിൽ ചേർന്ന സി കെ ജാനുവിനെ മാനന്തവാടിയിൽ സ്ഥാനാഥിയാക്കാനായിരുന്നു സംസ്ഥാന – കേന്ദ്രനേതൃത്വങ്ങൾ ശ്രമിച്ചത്.

എന്നാൽ ഇതിനെതിരെ ബിജെപി ജില്ലാ പ്രസിഡൻ്റു തന്നെ രംഗത്തെത്തി. ഇതോടെ ജാനുവിനെ ഒഴിവാക്കുകയും സമ്മതമില്ലാതെ മണികണ്ഠനെ സ്ഥാനാർഥിയാക്കുകയുമായിരുന്നു.