ഒറ്റക്കെട്ടായി കര്‍ഷകരും തൊഴിലാളികളും ; ഇന്ന്‌ കുത്തകവിരുദ്ധ സ്വകാര്യവൽക്കരണവിരുദ്ധ ദിനാചരണം

0
44

കേന്ദ്ര സർക്കാരിന്റെ തീവ്രസ്വകാര്യവൽക്കരണ നയങ്ങളിൽ പ്രതിഷേധിച്ച്‌ കർഷകസംഘടനകളും ട്രേഡ്‌യൂണിയനുകളും തിങ്കളാഴ്‌ച രാജ്യവ്യാപകമായി സ്വകാര്യവൽക്കരണവിരുദ്ധ–- കുത്തകവിരുദ്ധ ദിനമാചരിക്കും. കർഷകരും തൊഴിലാളികളും യോജിച്ചുള്ള പ്രക്ഷോഭ പരിപാടി രാജ്യത്ത്‌ ഇതാദ്യം‌.

കുത്തകകളെ സഹായിക്കുന്ന കാർഷിക നിയമങ്ങൾ പിൻവലിക്കാനാവശ്യപ്പെട്ട്‌ കർഷകസംഘടനകൾ മൂന്ന്‌ മാസത്തിലേറെയായി പ്രക്ഷോഭത്തിലാണ്‌. ട്രേഡ്‌യൂണിയനുകളാകട്ടെ പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്നതിനെതിരെയും കുത്തകകളെ സഹായിക്കും വിധമുള്ള തൊഴിൽ നിയമങ്ങൾക്കെതിരായും പ്രക്ഷോഭത്തിലാണ്‌. രണ്ട്‌ പ്രക്ഷോഭത്തെയും അടിച്ചമർത്താനും അവഗണിച്ച്‌ തള്ളാനുമാണ്‌ കേന്ദ്ര സർക്കാർ ശ്രമം‌. ഈ സാഹചര്യത്തിലാണ്‌ യോജിച്ച്‌ നീങ്ങാൻ ഈ മാസം ആദ്യം ചേർന്ന സംയുക്ത യോഗത്തിൽ കർഷകസംഘടനകളും ട്രേഡ്‌യൂണിയനുകളും തീരുമാനമെടുത്തത്‌.

പ്രക്ഷോഭത്തിന്റെ ഭാഗമായി രാജ്യവ്യാപകമായി കർഷകരും തൊഴിലാളികളും സംയുക്ത യോഗങ്ങളും പ്രതിഷേധ പ്രകടനങ്ങളും സംഘടിപ്പിക്കും. മുഖ്യമായും റെയിൽവേ സ്‌റ്റേഷനുകൾക്ക്‌ മുന്നിലായിരിക്കും പ്രതിഷേധ യോഗങ്ങൾ. കർഷക–- തൊഴിലാളി പ്രതിനിധി സംഘം ജില്ലാ കലക്ടർമാരെ സന്ദർശിച്ച്‌ പ്രധാനമന്ത്രി‌ക്കുള്ള നിവേദനം കൈമാറും. തീവ്രസ്വകാര്യവൽക്കരണ നടപടികളിൽനിന്ന്‌ പിൻവാങ്ങണമെന്നും പൊതുമേഖലയ്‌ക്ക്‌ പരിഗണന നൽകണമെന്നും നിവേദനത്തിൽ ആവശ്യപ്പെടും.

പെട്രോൾ–- ഡീസൽ–- പാചകവാതക വിലയിലെ വൻവർധനയും തൊഴിലാളികളും കർഷകരും പ്രതിഷേധദിനത്തിൽ ചർച്ചാവിഷയമാക്കും. ഇന്ധന വിലവർധന കർഷകരെ ബാധിക്കുന്നില്ലെന്ന തരത്തിൽ കേന്ദ്രം പാർലമെന്റിൽ ചോദ്യത്തിന്‌ മറുപടി പറഞ്ഞിരുന്നു.

മിനിമം താങ്ങുവിലയിൽ ഇന്ധന വിലയടക്കം ഉൾപ്പെടുന്നുണ്ടെന്നാണ്‌ സർക്കാരിന്റെ അവകാശവാദം. എന്നാൽ, ഇത്‌ അടിസ്ഥാനരഹിതമാണെന്ന്‌ സംയുക്ത കിസാൻമോർച്ച പ്രസ്‌താവനയിൽ പറഞ്ഞു. എംഎസ്‌പി പോലും കർഷകർക്ക്‌ കിട്ടാത്ത സാഹചര്യമാണുള്ളതെന്നും കിസാൻമോർച്ച ചൂണ്ടിക്കാട്ടി.