ടൂൾകിറ്റ് കേസ്: സാമ്പത്തിക യുദ്ധത്തിനുള്ള ആഹ്വാനമെന്ന് ഡല്‍ഹി പോലീസിന്റെ എഫ്ഐആര്‍

0
40

കർഷക സമരവുമായി ബന്ധപ്പെട്ട ടൂള്‍ കിറ്റ് ഇന്ത്യക്കെതിരായ സാമ്പത്തിക യുദ്ധത്തിനുള്ള ആഹ്വാനമെന്ന് ഡല്‍ഹി പോലീസിന്റെ എഫ്.ഐ.ആര്‍. ചില കമ്പനികളുടെ ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള സ്വത്തുകള്‍ ലക്ഷ്യം വെയ്ക്കണമെന്ന് ടൂള്‍ കിറ്റ് ആഹ്വാനം ചെയ്തു. റിപ്പബ്ലിക്ക് ദിനത്തിലെ ഡല്‍ഹിയില്‍ നടന്ന ആക്രമത്തിന് വേണ്ടി മുന്‍കൂട്ടി ഗൂഡാലോചന നടത്തിയെന്നും എഫ്.ഐ.ആറില്‍ പറയുന്നു.

ടൂള്‍കിറ്റ് കേസ് രജിസ്റ്റര്‍ ചെയ്തപ്പോള്‍ ക്രിമിനല്‍ ഗൂഡാലോചന, രാജ്യദ്രോഹം കുറ്റങ്ങളാണ് ഉള്‍പ്പെടുത്തിയിരുന്നത്. രണ്ട് പ്രധാന കാരണങ്ങളാണ് ഇതിന് എഫ്‌ഐആറില്‍ പറഞ്ഞിരിക്കുന്നത്. രാജ്യത്തിന് എതിരേ സാമ്പത്തിക യുദ്ധത്തിന് ആഹ്വാനം ചെയ്തു, രാജ്യത്തെ ചില കമ്പനികളെ ലക്ഷ്യം വെയ്ക്കണമെന്ന് ടൂള്‍ കിറ്റില്‍ ആഹ്വാനം ചെയ്തുവെന്നും എഫ്.ഐ.ആര്‍. പറയുന്നു.

റിപ്പബ്ലിക്ക് ദിനത്തിലെ ചെങ്കോട്ടയിലെ അക്രമങ്ങള്‍ സ്വാഭാവികമായല്ല, മുന്‍കൂട്ടി നടത്തിയ ഗൂഡാലോചനയുടെ ഭാഗമായി നടന്നതാണെന്നും ഡല്‍ഹി പോലീസ് എഫ്‌ഐആറില്‍ പറയുന്നു. അതേ സമയം ടൂള്‍ കിറ്റ് കേസില്‍ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച ശന്തനു  കര്‍ഷ സമരവേദിയില്‍ എത്തിയതിനേക്കുറിച്ച് ഡല്‍ഹി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ആദ്യഘട്ടത്തില്‍ എഫ്‌ഐആര്‍ പുറത്തുവിടാന്‍ ഡല്‍ഹി പോലീസ് തയ്യാറായിരുന്നില്ല. എന്നാല്‍ കേസില്‍ അറസ്റ്റിലായ ദിശ രവിയുടെ അഭിഭാഷകന്‍ ഡല്‍ഹി പട്യാല കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ പുറത്തുവിട്ടത്.