നേമത്ത് തരൂരിനെ പരീക്ഷിക്കാനൊരുങ്ങി ഹൈക്കമാന്റ് : പറ്റില്ലെന്ന നിലപാടില്‍ ഒറ്റക്കെട്ടായി ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും

0
42

തിരുവനന്തപുരം : നേമം നിയമസഭാ നിയോജകമണ്ഡലത്തില്‍ ശശി തരൂര്‍ എം.പി.യെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ഹൈക്കമാന്റ് നീക്കം. ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നത്തലയുടെയും എതിര്‍പ്പ് മറികടന്ന് രാഹുല്‍ഗാന്ധി നേരിട്ടാണ് ഈ നീക്കത്തിനു പിന്നില്‍. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്താകെ മുന്നേറ്റമുണ്ടാക്കിയിട്ടും തിരുവനന്തപുരത്തു നിന്നും മത്സരിച്ച തരൂരിന് നേമം മണ്ഡലത്തില്‍ ഒന്നാമതെത്താന്‍ കഴിഞ്ഞിരുന്നില്ല. നേമം നിയമസഭാ മണ്ഡലത്തില്‍ തരൂരിനെ മറ്റുള്ള മണ്ഡലങ്ങളെ അപേക്ഷിച്ച് വോട്ട് നന്നേ കുറവായിരുന്നു. എന്നിട്ടും തരൂരിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള ഹൈക്കമാന്റ് തീരുമാനം കോണ്‍ഗ്രസ്സില്‍ വലിയ പൊട്ടിത്തെറിക്ക് ഇടയാക്കും. ഇതിനോടകം തന്നെ അതൃപ്തി പരസ്യമാക്കി നേതാക്കള്‍ രംഗത്തെത്തിക്കഴിഞ്ഞു.

കോണ്‍ഗ്രസ് ബിജെപിയുമായി വോട്ടുധാരണയുണ്ടാക്കിയതാണ് 2016 ല്‍ നേമത്ത് ഒ. രാജഗോപാലിന്റെ വിജയത്തിന് കാരണമായത്. മൂന്നാം സ്ഥാനത്തേക്ക്‌പോയ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി സുരേന്ദ്രന്‍ പിള്ള 13,860 വോട്ടുകള്‍ മാത്രമാണ് നേടിയത്. 2011 ല്‍ നടന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ദുര്‍ബല സ്ഥാനാര്‍ത്ഥിയായിരുന്ന ചാരുപാറ രവി 20,248 വോട്ടുകള്‍ നേടിയിരുന്നു. എന്നാല്‍ 2016 ല്‍ അതില്‍ നിന്നും 6,688 വോട്ടുകളുടെ കുറവാണ് യുഡിഎഫിനുണ്ടായത്. ഈ അവിശുദ്ധ കൂട്ടുകെട്ടിനോട് പോരാടിയ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടി 59,142 വോട്ടുകള്‍ നേടിയാണ് രണ്ടാമത് എത്തിയത്. രണ്ടാം സ്ഥാനത്തെത്തിയിട്ടും 2011 ല്‍ നേടിയ 50,076 വോട്ടുകളെക്കാള്‍ 9,000ല്‍പ്പരം വോട്ടുകള്‍ ശിവന്‍കുട്ടി അധികം നേടി.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേമം നിയോജക മണ്ഡലത്തില്‍ നിന്ന് ശശി തരൂരിന് കിട്ടിയത് 46,472 വോട്ടുകളാണ്. മറ്റു മണ്ഡലങ്ങളില്‍ ആകെ മുന്നേറ്റം നടത്തിയിട്ടും തരൂര്‍ ഇവിടെ ബി.ജെ.പിയെക്കാള്‍ 12,000 വോട്ടുകള്‍ക്ക് പിന്നിലായിരുന്നു.
വസ്തുതകള്‍ ഇങ്ങനെയായിരിക്കെ നേമത്ത് എന്തോ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്ന തരത്തില്‍ കോണ്‍ഗ്രസ്സ് നേതാക്കളും ചില മാധ്യമങ്ങളും പ്രചാരണം നടത്തുന്നത് വോട്ടര്‍മാരുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടിയാണ്.

അതേ സമയം രാഹുലിന്റെ നീക്കത്തില്‍ അതൃപ്തി രേഖപ്പെടുത്തി നേരത്തെ നേമത്ത് മത്സരിക്കാന്‍ താത്പര്യമെന്നു പറഞ്ഞ ഉമ്മന്‍ചാണ്ടി പുതുപ്പള്ളി വിട്ട് എങ്ങോട്ടുമില്ലെന്ന് പ്രഖ്യാപിച്ചു. ഹൈക്കമാന്റിനോടുള്ള നീരസം പ്രകടിപ്പിക്കലാണ് മത്സരിക്കുന്നെങ്കില്‍ അത് പുതുപ്പള്ളിയില്‍ മാത്രമെന്ന ഉമ്മന്‍ചാണ്ടിയുടെ പ്രഖ്യാപനത്തിനു പിന്നില്‍. നേമത്ത് മത്സരിച്ച് പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മനെ സ്ഥാനാര്‍ത്ഥിയാക്കാമെന്ന മോഹം നടക്കാത്ത നിരാശയും ഉമ്മന്‍ചാണ്ടിയുടെ വാക്കുകളില്‍ പ്രകടമാണ്.

ശശിതരൂരിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ചെന്നിത്തലയ്ക്കും ഉമ്മന്‍ചാണ്ടിയുടെ അതേ മനോഭാവമാണ്. തരൂരിനെ മത്സരിപ്പിക്കുന്നതിലൂടെ കഴിഞ്ഞ അഞ്ച് വര്‍ഷം പ്രതിപക്ഷ നേതാവായിരുന്ന തന്നെ ഇകഴ്ത്തിക്കാട്ടാനാണ് രാഹുല്‍ഗാന്ധിയുടെ ശ്രമമെന്നാണ് ചെന്നിത്തലയുടെ പരാതി. തരൂരിന്റെ വരവ് മുന്‍കൂട്ടി അറിഞ്ഞ കെ. മുരളീധരനും നേതൃത്വത്തിനെതിരെ കടുത്ത അതൃപ്തിയിലാണ്. തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയാല്‍ മാത്രമേ നേമത്ത് മത്സരിക്കൂ എന്ന് മുരളീധരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മുരളിയേയും തഴഞ്ഞ് മണ്ഡലത്തില്‍ യാതൊരു സ്വാധീനവും ഇല്ലാത്ത തരൂരിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള ഹൈക്കമാന്റ് നീക്കത്തിനു പിന്നില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും എതിര്‍പ്പ് ഉയര്‍ത്തിക്കഴിഞ്ഞു. തരൂരിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിലൂടെ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല ഗ്രൂപ്പുകളെ ഒറ്റയടിക്ക് ഇല്ലാതാക്കാനും ഹൈക്കമാന്റിന് കേരള രാഷ്ട്രീയത്തില്‍ നേരിട്ട് ഇടപെടാനുമാണ് നീക്കമെന്നാണ് വിലയിരുത്തല്‍.

അതേസമയം മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി വി. ശിവന്‍കുട്ടി പ്രചരണത്തില്‍ ഏറെ മുന്നേറിക്കഴിഞ്ഞു. ഏതു സമ്മുന്നത നേതാവ് വന്നാലും ഇത്തവണയെങ്കിലും കോണ്‍ഗ്രസ്സ് വോട്ടുകച്ചവടം നടത്തരുതെന്നാണ് ശിവന്‍കുട്ടിയുടെ നിലപാട്. ആര് സ്ഥാനാര്‍ത്ഥിയാണെങ്കിലും ബി.ജെ.പി.ക്ക് വോട്ട് മറിക്കാന്‍ കോണ്‍ഗ്രസ്സ് തയ്യാറാകരുതെന്ന ശിവന്‍കുട്ടിയുടെ നിലപാടു തന്നെയാണ് മണ്ഡലത്തിലെ ഭൂരിഭാഗം വോട്ടര്‍മാര്‍ക്കും.