Wednesday
4 October 2023
28.8 C
Kerala
HomeKeralaസമഗ്രമേഖലയിലും വിലക്കയറ്റം രൂക്ഷമാക്കി ഇന്ധന വിലവർധന

സമഗ്രമേഖലയിലും വിലക്കയറ്റം രൂക്ഷമാക്കി ഇന്ധന വിലവർധന

വീടുകളുടെയും ഹോട്ടലുകളുടെയും അടുക്കളകളെ പൊള്ളിക്കുന്നരീതിയിൽ പാചകവാതകവില ഉയർന്നതോടെ കുടുംബബജറ്റും താളംതെറ്റുന്നു. കോവിഡും ഇന്ധനവിലയും ചേർന്ന് ബസ്, ലോറി, ഹോട്ടൽ വ്യവസായങ്ങളുടെ നടുവൊടിച്ചുകഴിഞ്ഞു.

ഇന്ധനവിലയ്ക്കൊപ്പം അവശ്യവസ്തുക്കളും വിലക്കയറ്റത്തിന്റെ വലയിലേക്ക് നീങ്ങുകയാണ്.പച്ചക്കറിയുൾപ്പടെയുള്ളവയുടെ വില കുതിച്ചുയരാൻ തുടങ്ങി. പൊതുജനത്തെ കഴുത്തിനുപിടിച്ച് കൊള്ളയടിക്കുന്ന രീതിയിലേക്ക് പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന് നൂറിലേക്ക് എത്തുന്നു.ഉഴുന്ന്, എണ്ണ, തേയില തുടങ്ങിയവയുടെ വിലയും ആറു മാസംകൊണ്ട് ഇരട്ടിയോ അതിലധികമോ ആയി.

ലോക്ഡൗണിനുശേഷം ഡീസൽവിലയിലുണ്ടായ വലിയ വിലവർധന സ്വകാര്യബസ് സർവീസിനെയും കാര്യമായി ബാധിച്ചു. ലോക്ഡൗണിനുമുമ്പ് സംസ്ഥാനത്ത് 12,400 ബസുകളുണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് 9800 ബസുകളേ നിരത്തിലുള്ളൂ. ഇതിൽ വലിയൊരു ശതമാനം ബസുകളും നികുതി അടയ്ക്കേണ്ടാത്ത ‘ജി’ ഫോം നൽകി ഓട്ടം അവസാനിപ്പിച്ചിരിക്കുകയാണ്.

വരുന്ന മൂന്നുമാസത്തിനുള്ളിൽ ഇതിൽ 40 ശതമാനം ബസുകളും ഓട്ടം അവസാനിപ്പിക്കാനുള്ള ആലോചനയിലാണ്. പാചകവാതകത്തിന് വില കുത്തനെ കയറിയതോടെ സാധാരണ ഹോട്ടലുകൾക്കുവരെ പ്രതിദിന ബാധ്യത 1500 രൂപയായി ഉയർന്നു.

അവശ്യസാധനങ്ങളുടെ വിലക്കയറ്റംകൂടി കണക്കിലെടുക്കുമ്പോൾ ഇത് മൂവായിരം രൂപയാകും. വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതകത്തിന് നാലുമാസത്തിനിടെ 500 രൂപയാണ് വർധിച്ചത്.

ലോക്ഡൗൺ കാലത്ത് ആഗോളവിപണിയിൽ ഇന്ധനവില ഇടിഞ്ഞപ്പോൾ അതേ അനുപാതത്തിൽ ഇന്ത്യയിലെ എണ്ണവില കുറഞ്ഞില്ല. സ്‌പെഷ്യൽ അഡീഷണൽ എക്‌സൈസ് ഡ്യൂട്ടി, റോഡ് സെസ് എന്നീ ഇനങ്ങളിൽ രണ്ടുതവണയായി 13, 16 രൂപയുടെ വർധനയാണ് കേന്ദ്രം വരുത്തിയത്. ഇത് പിൻവലിച്ചാൽ മാത്രം കേരളത്തിൽ വിലകുറയും.

RELATED ARTICLES

Most Popular

Recent Comments