മുഖ്യമന്ത്രി പിണറായി വിജയൻ കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. തിരുവനന്തപുരം തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ എത്തിയാണ് മുഖ്യമന്ത്രി വാക്‌സിൻ സ്വീകരിച്ചത്.
”കോവിഡ് വാക്സിനേഷൻ ഇന്ന് സ്വീകരിച്ചു. ആശങ്കയില്ലാതെ, ലഭ്യമാകുന്ന മുറയ്ക്ക് എല്ലാവരും വാക്സിനേഷൻ സ്വീകരിച്ചു രോഗപ്രതിരോധം തീർക്കണം. കോവിഡിനെ നമുക്ക് ഒത്തൊരുമിച്ച് മറികടക്കാം.”വാക്സിൻ സ്വീകരിച്ചതിന് ശേഷം മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് വാക്‌സിൻ എടുത്തത് നല്ല അനുഭവമാണെന്നും വാക്‌സിന്റെ കാര്യത്തിൽ ആശങ്ക വേണ്ടതില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി . ഭാര്യ കമലയും മുഖ്യമന്ത്രിക്കൊപ്പം വാക്‌സിൻ എടുത്തു.
ചില ഇഞ്ചക്ഷന് ഒരു ചെറിയ നീറ്റലുണ്ടാകുമല്ലോ. ഇതിനതുപോലും ഉണ്ടായില്ല. കുത്തിവെയ്‌പ്പെടുത്ത് അരമണിക്കൂർ റെസ്‌റ്റ് എടുത്തു. ഇതുവരെ കുഴപ്പം ഒന്നും ഇല്ല. ആരോഗ്യമന്ത്രിയൊക്കെ ഇന്നലെ വാക്‌സിൻ എടുത്തിരുന്നു.അവർക്കും കുഴപ്പമൊന്നും ഇല്ല.
കുറെ പേർ വാക്‌സിൻ എടുക്കാൻ സന്നദ്ധരായി വരുന്നുണ്ട്. എല്ലാവരും അതിന് തയ്യാറാകണമെന്നാണ് പറയാനുള്ളത്. വാക്‌സിനേഷനാണ് ലോകത്ത് പല ഘട്ടത്തിലുണ്ടായിട്ടുള്ള മാരക രോഗങ്ങളെ തടുത്തുനിർത്താൻ മനുഷ്യരാശിയെ സജ്ജമാക്കിയിട്ടുള്ളത്.
തന്റെയൊക്കെ ചെറുപ്പകാലത്ത് വസൂരിവന്ന് നിരവധി പേർ കൂട്ടത്തോടെ മരിച്ചിരുന്നു. ഇപ്പോൾ അതില്ലല്ലോ. പ്രതിരോധ കുത്തിവെപ്പെടുത്ത് ആ രോഗത്തെ തടയാനായി. അതുപോലെ പോളിയോയും തടയാനായത് അതുമായി ബന്ധപ്പെട്ട പ്രതിരോധം തീർത്തപ്പോഴല്ലെ.
ഇതു പറയാൻ കാരണം അപൂർവം ചിലരെങ്കിലും വാക്‌സിനേഷനെതിരെ പ്രചരണം നടത്തുന്നുണ്ട്. ജനം അത് അംഗീകരിച്ചിട്ടില്ല. എന്നാൽ ചിലരെങ്കിലും ആ പ്രചരണത്തിൽ പെട്ടുപോകാതിരിക്കാനാണ് ഇത് പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിക്കൊപ്പം ആരോഗ്യമന്ത്രി കെ കെ ശൈലജയും ഉണ്ടായിരുന്നു.
ഇന്നലെ ആരോഗ്യമന്ത്രി കെ കെ ശൈലജയും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും ഉൾപ്പെടെയുള്ളവർ കൊവിഡ് വാക്‌സിൻ സ്വീകരിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിലെ കൊവിഡ് വാക്‌സിനേഷൻ കേന്ദ്രത്തിൽ നിന്നാണ് ആരോഗ്യ മന്ത്രി കൊവിഡ് വാക്‌സിൻ സ്വീകരിച്ചത്. കണ്ണൂർ ജില്ലാ ആശുപത്രിയിലെത്തിയാണ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കൊവിഡ് വാക്‌സിൻ സ്വീകരിച്ചത്.
Recent Comments