ബജറ്റ്‌ പ്രഖ്യാപനം സർക്കാർ നടപ്പാക്കി, റബറിന്‌ താങ്ങുവില 170 രൂപയാക്കി ഉത്തരവിറങ്ങി

0
27

സംസ്ഥാന ബജറ്റ്‌ പ്രഖ്യാപനത്തിൽ അവതരിപ്പിച്ച റബറിന്റെ താങ്ങുവില വർധനവ് 170 രൂപയാക്കി വർധിപ്പിച്ച്‌ ധനവകുപ്പ്‌ ഉത്തരവിറക്കി. ബജറ്റ്‌ പ്രഖ്യാപനം എൽഡിഎഫ്‌ സർക്കാർ നടപ്പാക്കുന്നതിന്റെ ഉദാഹരണമാണിത്.

കർഷകർക്ക്‌ ന്യായവില ഉറപ്പാക്കാൻ റബർ പ്രൊഡക്ഷൻസ്‌ ഇൻസെന്റീവ്‌ സ്‌കീം പ്രകാരം താങ്ങുവില വർധിപ്പിക്കുമെന്നാണ്‌ ബജറ്റിൽ പറഞ്ഞത്‌. 2021 ഏപ്രിൽ ഒന്നുമുതൽ പുതിയ വില ബാധകമാണ്‌.

പ്രതിസന്ധി മൂലം കൃഷി വരെ ഉപേക്ഷിച്ച റബർ കർഷകർക്ക്‌‌ വലിയ ആശ്വാസമായാണ്‌ താങ്ങുവില വർധന. 150 രൂപയാണ്‌ ഇതുവരെ കർഷകന്‌ ലഭിച്ചിരുന്നത്‌. ഇത്‌ കൂട്ടണമെന്ന ആവശ്യം കർഷകർ കാലങ്ങളായി ഉയർത്തുന്നു.

പാർലമെന്റിൽ എംപിമാർ ഉന്നയിച്ചിട്ടും കേന്ദ്ര സർക്കാർ ഇടപെട്ടില്ല. വൻകിട ടയർ കമ്പനികൾക്ക്‌ ലാഭമുണ്ടാക്കാനുള്ള നടപടികളാണ്‌ കേന്ദ്രം സ്വീകരിച്ചത്‌. റബർ ബോർഡിനെ പോലും ഇല്ലാതാക്കാനാണ്‌ ശ്രമം.

വിലത്തകർച്ചയെ തുടർന്ന്‌ പലരും റബർ മരം മുറിച്ചുമാറ്റുന്ന സ്ഥിതി ഉണ്ടായി. മോഡി സർക്കാർ തകർത്ത റബർ മേഖലക്ക്‌ പുതുജീവൻ നൽകുന്നതാണ്‌ എൽഡിഎഫ്‌ സർക്കാർ തീരുമാനം.

താങ്ങുവില 200 വേണമെന്ന ആവശ്യം സംസ്ഥാനം തന്നെ കേന്ദ്ര സർക്കാരിനെ അറിയിച്ചിട്ടുണ്ട്‌. ഇതിന്‌ കേന്ദ്രം സബ്‌സിഡി പ്രഖ്യാപിക്കണം.‌ പക്ഷെ ഇതുവരെ അനുകൂല പ്രതികരണം ഉണ്ടായിട്ടില്ല.