പിരിച്ച പണത്തെച്ചൊല്ലി ലീഗിൽ തമ്മിൽത്തല്ല് ; കേന്ദ്ര കമ്മിറ്റി നേതാവിന്റെ കൈ അടിച്ചൊടിച്ചു

0
48

പിരിച്ച തുകയെച്ചൊല്ലി മുസ്ലിംലീഗ്‌ പ്രവാസി സംഘടനയായ കെഎംസിസിയിൽ തമ്മിൽത്തല്ല്. സംഘടനയുടെ മലപ്പുറം ജില്ലാ കമ്മിറ്റി–കേന്ദ്ര കമ്മിറ്റി നേതാക്കൾ റിയാദിൽ തമ്മിലടിച്ചു. മലപ്പുറം ജില്ലാ കമ്മിറ്റിക്കാർ കേന്ദ്ര കമ്മിറ്റി നേതാവിന്റെ കൈ അടിച്ചൊടിച്ചു.

സോഷ്യൽ സെക്യൂരിറ്റി ഇൻഷുറൻസ് എന്ന നിലയിൽ സൗദിയിൽ കെഎംസിസി കേന്ദ്രഘടകം പിരിച്ചത് ഒരുലക്ഷം പേരിൽനിന്ന് 75 റിയാൽവച്ച്‌ 75 ലക്ഷം റിയാലാണ്. ഇത്‌ 15 കോടി രൂപയ്ക്ക് തുല്യം. തുക നൽകുന്നയാൾ ഒരുവർഷത്തിനകം മരിച്ചാൽ ആറുലക്ഷം രൂപ ബന്ധുക്കൾക്ക് കൊടുക്കുന്നതാണ് പദ്ധതി.

കോവിഡ്‌ ബാധിച്ചും അല്ലാതെയും മരിച്ചവരുടെ ബന്ധുക്കൾക്ക് നൽകിയ സഹായം ആറുകോടി. ബാക്കി തുകയുടെ കണക്കിലാണ്‌ അടിപൊട്ടിയത്‌. റിയാദിലെ റമാദ് ഹോട്ടലിന് മുന്നിലായിരുന്നു സംഘർഷം. പദ്ധതിയിൽ ലഭിച്ച പണം കേന്ദ്ര കമ്മിറ്റി വെട്ടിച്ചുവെന്നാണ്‌ മറുവിഭാഗത്തിന്റെ ആരോപണം. ചാർട്ടേഡ് വിമാന സർവീസ് നടത്തിയതിലും അഴിമതിയുണ്ടെന്നും വിമർശമുണ്ട്‌.

സംഘട്ടനത്തിന് നേതൃത്വംകൊടുത്ത മലപ്പുറം ജില്ലാ കെഎംസിസി മലപ്പുറം ജില്ലാ സെക്രട്ടറി മുഹമ്മദ് ഷാഫിക്കെതിരെ ഒരുവിഭാഗം കേസ് നൽകി. അദ്ദേഹം ജോലിചെയ്തുകൊണ്ടിരുന്ന ആൽ ആലിയ സ്‌കൂളിൽനിന്ന്‌ പിരിച്ചുവിടുകയുംചെയ്തു.

അതേസമയം, മലപ്പുറം ജില്ലാ കമ്മിറ്റിക്കെതിരെ കേന്ദ്രഘടകവും രംഗത്തെത്തി. പ്രളയ ഫണ്ട് പിരിച്ചതിൽ അഴിമതിയുണ്ടെന്നാണ്‌ ആരോപണം. 12 കോടി പിരിച്ചശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എത്ര രൂപ നൽകിയെന്ന്‌ വ്യക്തമാക്കണമെന്നും അവർ ആവശ്യപ്പെടുന്നു. 12 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ നൽകുമെന്നാണ്‌ വാർത്താസമ്മേളനം നടത്തി പ്രഖ്യാപിച്ചത്. ആ തുക മുക്കിയെന്നും കേന്ദ്രകമ്മിറ്റി തിരിച്ചടിക്കുന്നു.