ആചാര ലംഘനം ഓർത്ത് ഉറക്കമില്ലാതെ …

0
37

– കെ വി –

ശബരിമല ശാന്തമാണ്. ആരെയും നൊമ്പരപ്പെടുത്തുന്ന ഒരാചാരവും അവിടെ ലംഘിക്കപ്പെടുന്നില്ല. അയ്യപ്പസന്നിധി തേടി ശരണം വിളികളുമായി ഭക്തരെത്തുന്നു ; പോവുന്നു. അപസ്വരമൊന്നും ഉയരുന്നില്ല. ശ്രീ ധർമശാസ്താവിന്റെ പൂങ്കാവനം സുസ്ഥിതിയിലാണ്.

എന്നിട്ടും ഈ സ്വൈര്യാന്തരീക്ഷം യു ഡി എഫ് നേതാക്കളുടെ ഉറക്കം കെടുത്തുകയാണ്. അവിടെ എന്തെല്ലാമോ സംഭവിക്കുന്നു എന്ന പ്രതീതി പരത്തി സ്വയം രക്ഷകരായി ഓടിയെത്താൻ വെമ്പുകയാണവർ. തെരഞ്ഞെടുപ്പാണ് മുന്നിൽ.

വോട്ടിലാണ് നോട്ടം. പ്രശ്നമുണ്ടായാലും ഇല്ലെങ്കിലും മുറവിളി കൂട്ടാതെ പറ്റില്ലല്ലോ. നേരത്തേ ഈ ചക്കക്കൊരു മുയലിനെ കിട്ടിയതാണ് – കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ . ഇനിയും മുറജപം തുടർന്നാൽ ഫലം കാണാതിരിക്കില്ലെന്നാണ് ചെന്നിത്തല – സുരേന്ദ്ര സ്വാമിമാരുടെ വിശ്വാസം. വേണ്ടാത്ത വിവാദങ്ങൾ കുത്തിപ്പൊക്കി ഒത്താശ ചെയ്യാൻ പതിവുപോലെ മാധ്യമലോബിയുമുണ്ട് ഒപ്പത്തിനൊപ്പം.

ശബരിമല വിഷയം മുഖ്യ അജണ്ടയാക്കിയാണത്രെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ യു ഡി എഫും ബിജെപിയും നേരിടുന്നത്. എന്താണിപ്പോൾ അവിടെ പ്രശ്നമെന്ന് അവരാരും വിശദമാക്കുന്നില്ല. എന്നാലും ഇതുസംബന്ധിച്ച് ഇടതുപക്ഷ ജനാധിപത്യമുന്നണിയും സി പി ഐ – എമ്മും പ്രതികരിക്കണമെന്ന ആവശ്യം ആവർത്തിക്കുകയാണവർ.

ഇക്കാര്യത്തിൽ സർക്കാർ നിലപാട് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിട്ടുണ്ട്. ആചാരത്തർക്കത്തിന് ഇടയാക്കിയത് സുപ്രീം കോടതി വിധിയാണല്ലോ. പരമോന്നത നീതിപീഠംതന്നെ ബന്ധപ്പെട്ട റെവ്യൂ കേസ് പരിഗണിച്ചു കൊണ്ടിരിക്കയാണിപ്പോൾ. പുനർവിധി വരുംവരെ കാക്കാം .

ഇനി അതിൽ വിധിയെന്തായാലും സർവകക്ഷി അഭിപ്രായം മാനിച്ചേ നടപ്പാക്കൂ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതിൽ ഒരു വിയോജിപ്പും എൽ ഡി എഫോ കമ്യൂണിസ്റ്റ് പാർട്ടികളോ പ്രകടിപ്പിച്ചിട്ടില്ല. അതിനപ്പുറം വല്ലതുമുണ്ടെങ്കിലല്ലേ പറയേണ്ടൂ.

എന്നാൽ ശബരിമല ആചാര സംരക്ഷണത്തിന് പ്രത്യേക നിയമം നിർമിക്കുമെന്നാണ് യു ഡി എഫ് നേതൃത്വം പറയുന്നത്. സംസ്ഥാന ലോയേഴ്സ് കോൺഗ്രസിന്റെ പ്രസിഡന്റ് ടി ആസഫലി കരടു ബിൽ തയ്യാറാക്കിക്കഴിഞ്ഞത്രെ. മാത്രമല്ല, അതിലെ വ്യത്യസ്ത
വകുപ്പുകൾ മറ്റൊരു നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രചരിപ്പിച്ചും തുടങ്ങി.

സുപ്രീം കോടതിയുടെ വിശാല ബെഞ്ചിന്റെ വിധി എങ്ങനെയുമാകട്ടെ, നിർദിഷ്ട ബിൽ സംസ്ഥാനത്ത് നിയമമാക്കുമെന്നാണ് അവകാശവാദം. നിയമസഭയിൽ ദൂരിപക്ഷം കിട്ടിയ ശേഷമാണെങ്കിൽ ഇത്രയൊക്കെ കടന്നു പറയുന്നത് മുഖവിലക്കെടുക്കാം. സ്വതവേ ദുർബലമായ ഒരു മുന്നണിയിലിരുന്ന്, അതിനുമുമ്പേ മനക്കോട്ട കെട്ടണോ എന്ന ചോദ്യത്തിനൊന്നും അവരുടെ ധൃതിക്കു മുമ്പിൽ പ്രസക്തിയില്ല.

ഓരോ ജാതി-മത വിഭാഗത്തെയും പ്രകോപിപ്പിക്കാൻ പറ്റിയ വിഷയങ്ങൾ ചികഞ്ഞെടുത്ത് വോട്ടർമാരെ തെറ്റിദ്ധരിപ്പിച്ച് വോട്ട് തട്ടാനുള്ള തന്ത്രങ്ങളാണ് യു ഡി എഫ് മൂശയിൽ രൂപപ്പെടുന്നത്. മുസ്ലീംകൾക്ക് ആനുകൂല്യങ്ങൾ വാരിക്കോരി കൊടുക്കുന്നു ഇടതു സർക്കാർ എന്നാണ് ക്രൈസ്തവ ഭൂരിപക്ഷ മേഖലയിലെ പ്രചാരണം. മാത്രമല്ല , യാക്കോബായ പക്ഷങ്ങളിലെ പള്ളിത്തർക്ക പരിഹാരത്തിന് നിയമമുണ്ടാക്കുമെന്നുമുണ്ട് പ്രഖ്യാപനം.

മറുവശത്ത്, മതാധിഷ്ഠിതരാഷ്ട്ര വാദികളായ ജമാഅത്തെ ഇസ്ലാമിക്കുകീഴിലെ വെൽഫെയർ പാർട്ടിയുമായുള്ള കൂട്ടുകെട്ട് മുസ്ലീം ലീഗ് വഴി ഉറപ്പിച്ചു നിർത്തിയിട്ടുണ്ട്. ആ അവിശുദ്ധ ബന്ധത്തെ വിമർശിക്കുന്നത് മുസ്ലീം വിരോധംകൊണ്ടാണെന്നാണ് ലീഗ് ആരോപിക്കുന്നത്. അങ്ങനെ സാമുദായിക സംഘടനകളെ ദുർബോധനപ്പെടുത്തി വശത്താക്കാനും ശ്രമിക്കുന്നു. ജാതി – ഉപജാതികളെ ഇളക്കാനാവട്ടെ, തരംപോലെ സംവരണവാദവും ഉപയോഗപ്പെടുത്തുന്നു.

മുമ്പൊരിക്കലുമില്ലാത്ത ജനക്ഷേമ പദ്ധതികളിലൂടെ എൽ ഡി എഫ് സർക്കാർ നേടിയ പൊതുസമ്മതിയാണ് പ്രതിപക്ഷ കക്ഷികളെ പരിഭ്രാന്തിയിലാഴ്ത്തിയത്. മഹാമാരിക്കാലത്തുപോലും നിരുത്തരവാദസമീപനത്തിലൂടെ വിശ്വാസ്യത നഷ്ടപ്പെടുത്തിയ യു ഡി എഫിന് തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയുടെ തളർച്ച മാറിയിട്ടില്ല.

ശബരിമലക്കാര്യത്തിലുൾപ്പെടെ എൽ ഡി എഫിനെതിരെ ഉന്നയിച്ച പൊള്ളയായ ആരോണങ്ങൾ അന്നേ വോട്ടർമാർ തള്ളിയതാണ്. മുനതേഞ്ഞ നുണയമ്പുകൾ വീണ്ടും കൂർപ്പിച്ച് പുതിയ രീതിയിൽ പ്രയോഗിക്കാനാണ് യു ഡി എഫും ബി ജെ പി യും ഒരുമിച്ച് കോപ്പുകൂട്ടുന്നത്. അതിന്റെ ഭാഗമായാണ് ഇരുകൂട്ടരും ശബരിമലയിൽ ഇടിച്ചുകയറാൻ മത്സരിക്കുന്നതും.