കേരള രാജ്യാന്തര ചലച്ചിത്രോത്സവം ബുധനാഴ്‌ച ആരംഭിക്കും,മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യും

0
63

കേരള രാജ്യാന്തര ചലച്ചിത്രോത്സവം ബുധനാഴ്‌ച ആരംഭിക്കും. നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് മേളയ്ക്ക് തുടക്കമാകുന്നത്. വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യും. മന്ത്രി എ കെ ബാലൻ അധ്യക്ഷനാകുന്ന ചടങ്ങിൽ സ്‌പീക്കർ പി ശ്രീരാമകൃഷ്ണൻ മുഖ്യാതിഥിയാകും. എം എൽ എ മാരായ വി കെ പ്രശാന്ത്, എം മുകേഷ്, ചലച്ചിത്ര അക്കാഡമി മുൻ ചെയർമാൻ ടി കെ രാജീവ് കുമാർ എന്നിവർ പങ്കെടുക്കും

ചടങ്ങിൽ ഇത്തവണത്തെ ലൈഫ് ടൈം അച്ചീവ്‌മെന്റ് നേടിയ ഷീൻ ലുക് ഗൊദാർദിനു വേണ്ടി മുതിർന്ന സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പുരസ്‌കാരം ഏറ്റുവാങ്ങും. കോവിഡിന്റെ പശ്ചാത്തലത്തിൽ ഗൊദാർദിനു ചടങ്ങിൽ നേരിട്ട് എത്താൻ കഴിയാത്തതിനാലാണിത് .

ജിപി രാമചന്ദ്രൻ രചിച്ച ഗൊദാർദ് – പലയാത്രകൾ എന്ന പുസ്ത‌‌കം മേയർ ആര്യാ രാജേന്ദ്രൻ ജില്ലാ പഞ്ചായത്തു പ്രസിഡന്റ് അഡ്വ. സുരേഷ്‌കുമാറിന് നൽകിയും ഫെസ്റ്റിവൽ ബുള്ളറ്റിൻ കെടിഡിസി ചെയർമാൻ എം വിജയകുമാർ കിലേ ചെയർമാൻ വി ശിവൻകുട്ടിക്കു നൽകിയും പ്രകാശനം ചെയ്യും .

സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ്, ചലച്ചിത്രഅക്കാഡമി ചെയർമാൻ കമൽ ,വൈസ് ചെയർ പേഴ്സൺ ബീനാ പോൾ, സെക്രട്ടറി അജോയ് ചന്ദ്രൻ എന്നിവർ പങ്കെടുക്കും. തുടർന്ന് ബോസ്‌നിയൻ ചിത്രമായ ക്വ വാഡിസ്, ഐഡ?’ ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിക്കും.

തലസ്ഥാനത്തെ വിവിധ തിയേറ്ററുകളിലായി 2164 സീറ്റുകൾ സജീകരിച്ചിട്ടുണ്ട്. വിവിധ വിഭാഗങ്ങളിലായി 2500 പാസുകളാണ് അനുവദിക്കുന്നത്. ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി പ്രമുഖർ പങ്കെടുക്കുന്ന ഓൺലൈൻ പ്രഭാഷണങ്ങളും സംവാദങ്ങളും ഉണ്ടാകും.