Monday
25 September 2023
30.8 C
Kerala
HomeKeralaമുതിർന്ന പൗരൻമാർക്ക് സ്വയംതൊഴിലിന് അവസരം; നവജീവൻ പദ്ധതിക്ക് അപേക്ഷ നൽകാം

മുതിർന്ന പൗരൻമാർക്ക് സ്വയംതൊഴിലിന് അവസരം; നവജീവൻ പദ്ധതിക്ക് അപേക്ഷ നൽകാം

മുതിർന്ന പൗരൻമാർക്ക് സ്വയം തൊഴിൽ സാധ്യമാക്കുന്ന നവജീവൻ പദ്ധതിക്ക് തുടക്കമാകുന്നു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടും സ്ഥിരം തൊഴിൽ ലഭിക്കാത്ത 50 നും 65നും ഇടയിൽ പ്രായമുള്ള മുതിർന്ന പൗരൻമാർക്കാണ് പദ്ധതിയിലൂടെ സ്വയംതൊഴിൽ ആരംഭിക്കുന്നതിനുള്ള സഹായം ലഭിക്കുക.

പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും ആദ്യ വായ്പാ വിതരണവും ഫെബ്രുവരി 6ന് രാവിലെ 11 ന് തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ കോഴിക്കോട് പേരാമ്പ്ര മിനി സിവിൽ സ്റ്റേഷനിലെ കരിയർ ഡവലപ്‌മെന്റ് സെന്ററിൽ നടക്കും. ആദ്യ ഘട്ടത്തിൽ കേരള ബാങ്ക് മുഖേന വായ്പ ലഭ്യമായ മൂന്നു പേർക്കുളള ധനസഹായമാണ് വിതരണം ചെയ്യുന്നത്.

പദ്ധതി പ്രഖ്യാപിക്കപ്പെട്ടതിന് ശേഷം ഇതുവരെ ആയിരത്തിലേറെ അപേക്ഷകൾ ലഭിച്ചു. ജില്ലാതല സമിതി അപേക്ഷ പരിശോധിച്ച് അംഗീകരിക്കുന്ന മുറയ്ക്ക് വായ്പാ വിതരണം പൂർത്തിയാക്കും. അർഹരായവർക്ക് സ്വയംതൊഴിൽ സംരംഭങ്ങളിൽ ഏർപ്പെടുന്നതിന് സബ്‌സിഡിയോടെയാണ് വായ്പ നൽകുന്നത്.

വിവിധ മേഖലകളിൽ പ്രാവീണ്യമുള്ള മുതിർന്ന പൗരൻമാരുടെ അറിവും അനുഭവസമ്പത്തും സമൂഹത്തിന്റെ നൻമയ്ക്കായി ഉപയോഗപ്പെടുത്തുക എന്നതും നവജീവൻ പദ്ധതിയുടെ ലക്ഷ്യമാണ്. ഇതിനായി ഈ മേഖലകളിലുള്ളവരുടെ ഡാറ്റാബാങ്ക് തയ്യാറാക്കും. ദേശസാത്കൃത/ ഷെഡ്യൂൾഡ് ബാങ്കുകൾ, ജില്ലാ-സംസ്ഥാന സഹകരണബാങ്കുകൾ, കെഎസ്എഫ്ഇ, മറ്റു ധനകാര്യസ്ഥാപനങ്ങൾ എന്നിവ മുഖേനയാണ് സ്വയംതൊഴിൽ വായ്പ ലഭ്യമാക്കുന്നത്.

50 നും 65നുമിടയിൽ പ്രായമുള്ള, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തവർക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കുന്ന വർഷത്തിലെ ജനുവരി ഒന്നാം തീയതി അടിസ്ഥാനമാക്കിയാണ് പ്രായപരിധി നിശ്ചയിക്കുക. യഥാസമയം രജിസ്‌ട്രേഷൻ പുതുക്കിക്കൊണ്ടിരിക്കുന്നവർക്ക് മുൻഗണന ലഭിക്കും.

വ്യക്തിഗത വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്. ബാങ്ക് മുഖേന 50000 രൂപയാണ് വായ്പ അനുവദിക്കുക. ബാങ്ക് വായ്പയുടെ 25 ശതമാനം സബ്‌സിഡി അനുവദിക്കും. പരമാവധി 12,500 രൂപയായിരിക്കും സബ്‌സിഡി. സ്ത്രീകൾ, വിധവകൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് മുൻഗണന നൽകും.

കാറ്ററിംഗ്, പലചരക്ക് കട, വസ്ത്രം-റെഡിമെയ്ഡ് ഷോപ്പ്, കുട നിർമ്മാണം, ഓട്ടോമൊബൈൽ സ്‌പെയർപാർട്‌സ് ഷോപ്പ്, മെഴുകുതിരി നിർമ്മാണം, സോപ്പ് നിർമ്മാണം, ഡിടിപി, തയ്യൽ കട, ഇന്റർനെറ്റ് കഫേ തുടങ്ങിയവയും പ്രാദേശികമായി വിജയസാധ്യതയുളള സംരംഭങ്ങളും ആരംഭിക്കാം. വ്യക്തിഗത സംരംഭങ്ങൾക്കാണ് മുൻഗണന.

താത്പര്യമുള്ളവർക്ക് രജിസ്ട്രേഷൻ കാർഡ് സഹിതം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ http://employment.kerala.gov.in ലൂടെയോ അപേക്ഷിക്കണം. രജിസ്റ്റർ ചെയ്തിട്ടില്ലാത്തവർക്കും എംപ്ളോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് പുതുക്കാൻ സാധിക്കാതിരുന്നവർക്കും വീണ്ടും രജിസ്റ്റർ ചെയ്ത് അപേക്ഷിക്കാം.

 

RELATED ARTICLES

Most Popular

Recent Comments